കേരള ജനതയെ 'തുഷാറാക്കുന്ന' സര്‍ക്കാര്‍
കേരള രാഷ്ട്രീയത്തിലേക്ക് ഇപ്പോള്‍ ചില പുതിയ മലയാള പദങ്ങള്‍ കടന്നുവരുന്നുണ്ട്. എല്‍ദോസ് പി. കുന്നപ്പിള്ളി അവയെയൊക്കെ സൂക്ഷ്മമായി വിലയിരുത്തുന്നുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പ്രചാരം നേടിയ പദമാണ് 'കുമ്മനടി'. മറ്റൊന്ന് 'തള്ളന്താനം'. കഴിഞ്ഞ ദിവസം ഉത്ഭവിച്ച മറ്റൊരു പദമാണ് 'തുഷാറാക്കല്‍'. എല്‍ദോസ് നടത്തിയ ഗവേഷണത്തില്‍ അതിനു കിട്ടിയ അര്‍ഥം പ്രതീക്ഷ കൊടുത്തു പറ്റിക്കല്‍ എന്നാണ്. പിണറായി സര്‍ക്കാര്‍ കേരള ജനതയെ തുഷാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പുകളുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ എല്‍ദോസ്. എല്ലാം തുഷാറാകട്ടെ എന്ന് സര്‍ക്കാരിന് എല്‍ദോസിന്റെ ആശംസയും.
സര്‍ക്കാരിനു ന്യൂനപക്ഷങ്ങളോടുള്ള സ്‌നേഹം വിവരിക്കാന്‍ മുരുകന്‍ കാട്ടാക്കടയുടെ 'രക്തസാക്ഷി' എന്ന കവിതയുമായാണ് യു. പ്രതിഭ ഹരി എത്തിയത്. തലശേരി കലാപവേളയില്‍ മുസ്‌ലിം പള്ളി സംരക്ഷിക്കാന്‍ രക്തസാക്ഷിയായി എന്ന് സി.പി.എം നേതാക്കള്‍ പറയുന്ന കുഞ്ഞിരാമനെയും മറ്റും സ്മരിച്ച് പ്രതിഭ ആ കവിത ചൊല്ലി.
എന്നാല്‍, പ്രതിഭ ചൊല്ലേണ്ടിയിരുന്നത് 'കണ്ണട' എന്ന കവിതയായിരുന്നു എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് എല്‍ദോസ് അതിലെ 'എല്ലാവര്‍ക്കും തിമിരം, നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം, മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തൂ കണ്ണടകള്‍ വേണം' എന്ന വരികള്‍ ചൊല്ലി.
മുസ്‌ലിം ലീഗുകാര്‍ 44 പേരെ കൊന്നിട്ടുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം സഭയില്‍ ഉന്നയിച്ച ആരോപണത്തിന് ഇന്നലെ കടുത്ത ഭാഷയിലാണ് എം. ഉമ്മര്‍ മറുപടി നല്‍കിയത്.
ജലീല്‍ ആദ്യം ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് മുസ്‌ലിം ലീഗിലേക്കു ചാടിയയാളാണ്. അവിടെ കാര്യമായ സ്ഥാനമൊന്നും കിട്ടാതെ വന്നപ്പോള്‍ സി.പി.എമ്മിലേക്കു ചാടി ഇപ്പോള്‍ മന്ത്രിയായി. മന്ത്രിയെന്ന നിലയില്‍ ജലീലിന്റെ കൊള്ളരുതായ്മ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു.
അതുകൊണ്ട് സ്ഥാനം ഉറപ്പിക്കാനാണ് ജലീല്‍ ഇപ്പോള്‍ ലീഗിനെതിരേ ഇല്ലാത്ത കാര്യങ്ങള്‍ ആരോപിക്കുന്നതെന്നും ഉമ്മര്‍. ജലീലിന്റെ ആരോപണത്തിനെതിരേ വി.കെ ഇബ്രാഹിംകുഞ്ഞ് ക്രമപ്രശ്‌നം ഉന്നയിക്കുകയും ചെയ്തു.
ജലീല്‍ പറഞ്ഞ 44 കൊലപാതകങ്ങളുടെ പൊലിസ് റിപ്പോര്‍ട്ടിന്റെയും കേസുകളിലെ അന്തിമ വിധിയുടെയും പകര്‍പ്പ് സഭയുടെ മേശപ്പുറത്തു വയ്ക്കണമെന്നും അതിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്നും ഇബ്രാഹിംകുഞ്ഞ്. എന്നാല്‍, സഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളുടെയെല്ലാം സത്യാവസ്ഥ പരിശോധിക്കുക സാധ്യമല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."