ന്യൂനമര്‍ദം: വൈദ്യുതി ഉപഭോഗത്തില്‍ 32 ലക്ഷം യൂനിറ്റിന്റെ കുറവ്
തൊടുപുഴ: ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം കുറഞ്ഞു. അന്തരീക്ഷ താപനില താഴ്ന്നതും വിവിധയിടങ്ങളില്‍ കാറ്റ് വീശുന്നതുമാണ് വൈദ്യുതി ഉപഭോഗത്തില്‍ കുറവുണ്ടാകാന്‍ കാരണം.
31.9 ലക്ഷം യൂനിറ്റിന്റെ കുറവാണ് ഒറ്റദിവസംകൊണ്ട് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ താപനിലയില്‍ താഴ്ച രേഖപ്പെടുത്തിയിരുന്നു. 72.04 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം. ബുധനാഴ്ച ഇത് 75.236 ദശലക്ഷമായിരുന്നു. കഴിഞ്ഞ 10ന് ഉപഭോഗം 77.38 ദശലക്ഷം യൂനിറ്റ് വരെ ഉയര്‍ന്നിരുന്നു.
ഇന്നലെ മൂന്ന് പദ്ധതിപ്രദേശങ്ങളില്‍ മാത്രമാണ് മഴ പെയ്തത്. കുറ്റ്യാടി 21 മി.മീ, മാട്ടുപ്പെട്ടി 2 മി.മീ, തര്യോട് 1 മി.മീ എന്നിങ്ങനെ മഴ പെയ്തു. ഇന്നലെ വൈകിട്ടോടെ ഇടുക്കി പദ്ധതിയുടേതടക്കം വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്തു. ചിലയിടങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തി. 4.9 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഇന്നലെ രാവിലെ 8ന് അവസാനിച്ച 24 മണിക്കൂറില്‍ അണക്കെട്ടുകളില്‍ ഒഴുകിയെത്തി.
അണക്കെട്ടുകളിലെ ബാഷ്പീകരണത്തിന്റെ തോതും കുറഞ്ഞിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ വേനല്‍ മഴയിലൂടെ 104.788 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ അണക്കെട്ടുകളിലുമായി ഒഴുകിയെത്തുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. ഇന്നലെവരെ 53.255 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം അണക്കെട്ടുകളില്‍ എത്തി. കൂടംകുളം നിലയത്തിലെ യന്ത്രത്തകരാര്‍ പരിഹരിച്ചതിനാല്‍ കേന്ദ്രവിഹിതം പൂര്‍ണമായും കിട്ടിത്തുടങ്ങിയിട്ടുണ്ട്. പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരം ലഭിക്കേണ്ട വൈദ്യുതിയില്‍ ഇപ്പോഴും കുറവുണ്ട്. 51.178 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ പുറത്തുനിന്ന് എത്തിച്ചു.
കഴിഞ്ഞയാഴ്ച 25 ദശലക്ഷം യൂനിറ്റിന് മുകളില്‍ ഉയര്‍ത്തിയ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം ഇന്നലെ കുറച്ചു. 20.84 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉല്‍പാദനം. കഴിഞ്ഞ 10നായിരുന്നു സമീപകാല ചരിത്രത്തിലെ ഉയര്‍ന്ന ആഭ്യന്തര ഉല്‍പാദനം (28.22 ദശലക്ഷം യൂനിറ്റ്). 2158.304 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ സംഭരണികളിലുമായി നിലവിലുണ്ട്. ഇത് സംഭരണശേഷിയുടെ 52 ശതമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."