വാടാത്ത 'മയിലമ്മമാരെ' ആര്‍ക്കു വേണം?
മാര്‍ച്ച് 11ലെ ഞായര്‍പ്രഭാതത്തില്‍ ഷഫീഖ് മുണ്ടക്കൈ തയാറാക്കിയ 'മാനന്തവാടിയിലെ മയിലമ്മമാര്‍' ഫീച്ചര്‍ സമൂഹത്തെ ആമൂലാഗ്രം ഗ്രസിച്ച വംശീയ-മേല്‍ക്കോയ്മാ ബോധത്തിത്തിന്റെ തുറന്നെഴുത്തായി. ആളെക്കൊല്ലിയും കുടുംബംകലക്കിയുമായ മദ്യമെന്ന സര്‍വനശീകരണിക്കെതിരേ മാനന്തവാടിയിലെ ആദിവാസി സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പോരാട്ടം 800 ദിവസത്തിനടുത്തെത്തുമ്പോഴും ഈ ധാര്‍മിക-അതിജീവന പോരാട്ടത്തെ പിന്തുണയ്ക്കാന്‍ ഒറ്റ സാമൂഹിക-രാഷ്ട്രീയ നേതൃത്വവും രംഗത്തെത്തിയില്ലെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്.
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മനുഷ്യച്ചെന്നായ്ക്കളുടെ ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ അവിടെയൊരു സാന്ത്വന രാഷ്ട്രീയ മുതലെടുപ്പുത്സവം തന്നെയാണ് അരങ്ങേറിയത്. മുഖ്യമന്ത്രി മുതല്‍ താഴോട്ടുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമെല്ലാം അട്ടപ്പാടിയിലേക്കു പരിവാര സമേതം പടനയിച്ചെത്തിയതു നാം കണ്ടു. എന്നാല്‍, മാനന്തവാടിയിലെ ആദിവാസി സ്ത്രീകളുടെ സമരം എഴുനൂറല്ല, ഏഴായിരം ദിനങ്ങള്‍ പിന്നിട്ടാലും ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ലെന്നതാണു ഖേദകരമായ യാഥാര്‍ഥ്യം.
മദ്യവര്‍ജനമാണു സര്‍ക്കാര്‍ നയമെന്നു നാടുനീളെ പ്രസംഗിക്കുന്നവര്‍ക്കൊന്നും ആദിവാസികളുടെ കാര്യത്തിലെത്തുമ്പോള്‍ ഒന്നും പറയാനില്ല. പാവങ്ങളുടെ അധ്വാനഫലം മുഴുവന്‍ കവര്‍ന്നു തടിച്ചുകൊഴുക്കുന്ന മദ്യമുതലാളിമാര്‍ക്കു സഹായമൊരുക്കുന്ന തിരക്കിലാണു നമ്മുടെ രാഷ്ട്രീയ നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."