ഫാസിസ്റ്റുകളെ കാത്തിരിക്കുന്ന പതനം
ഊതിവീര്‍പ്പിച്ച വ്യജ പ്രതിച്ഛായകള്‍ തകരുകയാണ്. ഉത്തര്‍പ്രദേശിലും ബിഹാറിലു താമരയുടെ കളികള്‍ പാളിത്തുടങ്ങുന്നു എന്ന അടയാളം വന്നതോടെ 2019 നെ ബി.ജെ.പി ഭയപ്പെട്ടുതുടങ്ങി. കോണ്‍ഗ്രസിനു കെട്ടിവച്ച കാശുപോലും പോയെങ്കിലും യു.പിയില്‍ എസ്.പി ബി.എസ്.പി സഖ്യം വന്‍ശക്തിയാവുമെന്നു തീര്‍ച്ച. എന്‍.ഡി.എ യുടെ ഘടകകക്ഷികള്‍ വിട്ടുതുടങ്ങി. ശിവസേന ഇനി കൂടെ ഉണ്ടാവില്ല എന്നു തീര്‍ത്തുപറഞ്ഞു കഴിഞ്ഞു. തെലുങ്കുദേശം പാര്‍ട്ടിയും കൂടുവിട്ടു.
ഉത്തര്‍പ്രദേശില്‍ എസ്പി ബിഎസ്പി, ബിഹാറില്‍ രാഷ്ട്രീയ ജനതാദള്‍, ബംഗാളില്‍ മമത ബിജെപി വിരുദ്ധ മുന്നണിക്കു ശക്തിയുണ്ടാകുമെന്നു തീര്‍ച്ചയായി. തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളും പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാനാണു സാധ്യത. ദേശീയപാര്‍ട്ടികളെക്കാള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കു മുന്‍തൂക്കം കിട്ടുന്ന കാലം ഇന്ത്യയില്‍ ഏതാണ്ട് ആയിക്കഴിഞ്ഞു. സോണിയഗാന്ധി കൊടുത്ത വിരുന്നില്‍ ഇടതുപക്ഷം പോലും സംബന്ധിച്ചു.
എതിര്‍ചേരിക്കുണ്ടാകുന്ന ഈ കരുത്തിനെ നേരിടാന്‍ ബി.ജെ.പി എന്ത് നെറികേടും കാണിക്കും. കടുത്ത വര്‍ഗീയധ്രുവീകരണം നടക്കുമെന്നുറപ്പ്.
കേരളത്തിലും താമരകള്‍ വിരിക്കാന്‍ ബി.ജെ.പി കൊണ്ടുപിടിച്ച കളികളാണ്. പക്ഷേ മുന്നണിരാഷ്ട്രീയത്തിനു വലിയ വേരോട്ടമുള്ള ഇവിടെ അവര്‍ക്കു നല്ല കൂട്ട് കിട്ടുന്നില്ല. കേരളാകോണ്‍ഗ്രസിനെ വലയിലാക്കാനുള്ള ഒരുക്കം തകൃതിയാണ്.
രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ യുപിയിലും ബിഹാറിലും ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ കനത്ത പ്രഹരം ചെറിയ തിരിച്ചടിയല്ല. യുപി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിനു ജയിച്ചിരുന്ന മണ്ഡലങ്ങളില്‍ വരെ ബിജെപിക്കുണ്ടായ ഭീമന്‍ തോല്‍വികള്‍ കരണത്തടി പോലെ മോദിക്കും അമിത് ഷായ്ക്കും വേദനാജനകമാണ്. ബിജെപി അധികാരത്തിലുള്ള വലിയ സംസ്ഥാനങ്ങളിലാണു തിരിച്ചടികളെന്നതു പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
ചെങ്ങന്നൂരില്‍ അവസാനത്തെ അടവും പയറ്റാനുള്ള കിണഞ്ഞ് പരിശ്രമത്തിന്റെ ഭാഗമായി അവിശുദ്ധ ബാന്ധവങ്ങള്‍ക്ക് തുടക്കമായിക്കഴിഞ്ഞെന്നാണ് മാണിയുമായുള്ള കൂടിക്കാഴ്ച നല്‍കുന്ന സന്ദേശം. മതേതര കക്ഷികള്‍ വോട്ടുകളില്‍ വിള്ളല്‍ തീര്‍ക്കാന്‍ മത്സരിച്ചാല്‍ ഖേദിക്കേണ്ടി വരുമെന്നുറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."