ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് സാക്ഷരതാ പരിശീലനം
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമഗ്ര ആദിവാസി സാക്ഷരതാ പദ്ധതിയോടനുബന്ധിച്ചുള്ള സാമൂഹ്യ സാക്ഷരതാ പരിശീലന പരിപാടി ഈമാസം 24, 25 തിയതികളില്‍ തലസ്ഥാനത്ത് നടക്കും. ആദിവാസി വിഭാഗത്തില്‍നിന്നുള്ള 350 ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. 24ന് തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.
സാക്ഷരത കുറവുള്ള കേരളത്തിലെ 100 ആദിവാസി ഊരുകളില്‍നിന്ന് തിരഞ്ഞെടുത്ത ഇന്‍സ്ട്രക്ടര്‍മാര്‍, നിലവില്‍ സാക്ഷരതാ മിഷന്‍ നടത്തിവരുന്ന അട്ടപ്പാടി, വയനാട് പ്രത്യേക ആദിവാസി സാക്ഷരതാ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആദിവാസിവിഭാഗത്തില്‍പ്പെട്ട പത്താംക്ലാസ് വിജയിച്ചവരെയാണ് ഇന്‍സ്ട്രക്ടര്‍മാരായി തിരഞ്ഞെടുത്തത്. സമഗ്ര ആദിവാസി സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ നൂറു കോളനികളില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ക്ലാസുകള്‍ ആരംഭിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ നിയമം, സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ലിംഗസമത്വം, കൃഷി, തൊഴില്‍, മാധ്യമം, സിനിമ, സാഹിത്യം, മതനിരപേക്ഷത, വികസനം, വീട്, ഭക്ഷണം, വ്യവസായം, ജനാധിപത്യം എന്നീ 17 വിഷയങ്ങളിലായി ഗ്രൂപ്പ് ചര്‍ച്ചകള്‍ നടക്കും.
പദ്ധതിയുടെ മോണിറ്ററിങ്ങുമായി ബന്ധപ്പെട്ട് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. പദ്ധതി പ്രദേശത്തെ ആദിവാസി സാക്ഷരതാ സമിതികള്‍, പഞ്ചായത്തുതല ആദിവാസി സാക്ഷരതാ സമിതികള്‍ എന്നിവയ്ക്കു പുറമെ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍, പ്രൊജക്ട് ഡവലപ്‌മെന്റ് ഓഫിസര്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാതല ആദിവാസി സാക്ഷരതാസമിതികള്‍ക്കും രൂപം നല്‍കി. സാക്ഷരതാ മിഷന്‍ ഡയരക്ടര്‍, പട്ടികവര്‍ഗ വികസനവകുപ്പ് ഡയരക്ടര്‍ എന്നിവര്‍ ഉള്‍പ്പെട്ട കോര്‍ ഗ്രൂപ്പിനാണ് സംസ്ഥാനതല മോണിറ്ററിങ്ങിനുള്ള ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."