മാവോയിസ്റ്റ് വിരുദ്ധസേന അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ചു
കാളികാവ്: സംസ്ഥാനത്ത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മാവോയിസ്റ്റ് വിരുദ്ധസേനാംഗങ്ങളുടെ പ്രത്യേക ശമ്പളം വെട്ടിക്കുറച്ചു. ധനകാര്യ വകുപ്പാണ് ശമ്പളത്തില്‍ കുറവുവരുത്തി ഉത്തരവിറക്കിയിട്ടുള്ളത്.
അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വര്‍ധനവും 10 ശതമാനം ഡി.എ ആനുകൂല്യവുമാണ് അനുവദിച്ചിരുന്നത്. ഇതിന് പുറമെ പ്രതിമാസം 450 രൂപ റേഷന്‍ തുകയും വര്‍ഷത്തില്‍ 5000 രൂപ യൂനിഫോം അലവന്‍സും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
അധികമായി അനുവദിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തില്‍നിന്ന് 28 ശതമാനം ആക്കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്.
രാജ്യത്തെ പ്രധാന മാവോയിസ്റ്റ് വിരുദ്ധസേനയായ ആന്ധ്രപ്രദേശിലേയും തെലങ്കാനയിലേയും ഗ്രേഹന്‍ഡ്‌സിന് അധിക ശമ്പളം നല്‍കുന്നുണ്ട്. മാവോയിസ്റ്റ് വിരുദ്ധസേനയുടെ ജോലിയിലെ പ്രയാസം കണക്കിലെടുത്താണ് ഇതേ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റ് വിരുദ്ധസേനക്ക് 2014 ല്‍ അധിക ശമ്പളം അനുവദിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപനം വന്നെങ്കിലും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പലര്‍ക്കും അധിക ശമ്പളം ലഭിച്ചുതുടങ്ങിയത്. ഫെബ്രുവരി മാസം വരെ ഈ അധിക ശമ്പളം ലഭിച്ചിട്ടുണ്ട്. മാര്‍ച്ചിലാണ് ധനകാര്യ വകുപ്പ് 22 ശതമാനം വെട്ടിക്കുറച്ചുള്ള ഉത്തരവിറക്കിയത്. ജനുവരി മുതല്‍ ഉത്തരവിന്റെ പ്രാബല്യം ഉണ്ടായിരിക്കുമെന്നും എടുത്തു പറഞ്ഞിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ശമ്പളം പറ്റിയവരെല്ലാം രണ്ടു മാസത്തെ തുക തിരച്ചടക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ശമ്പള വര്‍ധനവ് വെട്ടിച്ചുരുക്കിയതിനെതിരേ പോലിസ് സംഘടനകള്‍ അധികൃതരെ സമീപ്പിച്ചുവെങ്കിലും ധനകാര്യ വകുപ്പ് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. 2014 ലെ അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചത്. പിന്നീടുവന്ന ശമ്പള പുനര്‍നിശ്ചയത്തില്‍ വലിയ വ്യത്യാസം വന്നിട്ടുണ്ട്.
പുനര്‍നിര്‍മിച്ച ശമ്പള പരിഷ്‌കരണം അടിസ്ഥാനമാക്കി അധിക ശമ്പളം നല്‍കുന്നത് സര്‍ക്കാരിന് വലിയ ബാധ്യതയാണെന്നാണ് ധനകാര്യ വകുപ്പിന്റെ വിശദീകരണം. റേഷന്‍ ആനുകൂല്യവും യൂനിഫോം അലവന്‍സും ഡി.എയും പഴയത് പോലെ തുടരുമെന്നും ധനകാര്യ വകുപ്പ് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ചിരിക്കെ പ്രയാസങ്ങള്‍ സഹിച്ച് ജോലി ചെയ്യുന്ന മാവോയിസ്റ്റ് വിരുദ്ധസേനാംഗങ്ങള്‍ക്ക് ശമ്പളം കുത്തനെ വെട്ടിക്കുറച്ചത് അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. പൊലിസ് സംവിധാനത്തിലെ കെട്ടുറപ്പിന് പ്രതികൂലമായി ബാധിക്കുന്നതിനാല്‍ സേനാംഗങ്ങളില്‍നിന്ന് ആരുംതന്നെ ഇതിനെതിരേ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."