നീറുന്ന നോവിന് ഒരാണ്ട്
കാസര്‍കോട്: ചൂരി മുഹ്‌യുദ്ദീന്‍ ജമാഅത്ത് മുഅദ്ദീനായിരുന്ന കെ.എസ് മുഹമ്മദ് റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയ നീറുന്ന നോവിന് ഒരാണ്ട് തികയുന്നു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയെന്ന ഒറ്റലക്ഷ്യം മാത്രം മുന്നില്‍ കണ്ട് നിസ്വാര്‍ഥനായ ഒരു മനുഷ്യനെ ഇല്ലാതാക്കിയവര്‍ക്കെതിരായ നിയമ പോരാട്ടം പാതിവഴിയിലാണ്.
പ്രതികളുമായുമായി മുന്‍പരിചയമോ വൈരാഗ്യമോ മറ്റേതെങ്കിലും തരത്തിലുള്ള വിദ്വേഷമോ ഇല്ലാത്ത റിയാസ് മുസ്‌ലിയാരെ കൊലക്കത്തിക്കിരയാക്കിയ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് ഒരാണ്ട് തികയുമ്പോള്‍ മതത്തിന്റെ പേരില്‍ ഒരു തുള്ളി രക്തം ഇനി ഈ മണ്ണില്‍ ചീന്തരുതെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20ന് അര്‍ധരാത്രിയിലാണ് പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന റിയാസ് മുസ്‌ലിയാരെ മൂന്നംഗ ആര്‍.എസ്.എസ് സംഘം വകവരുത്തിയത്. പള്ളിക്കകത്ത് കയറിയ സംഘം കഴുത്തില്‍ കുത്തിയാണ് റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയത്.
വര്‍ഗീയ സംഘര്‍ഷമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008 മുതല്‍ ഇതേ പ്രദേശത്ത് നടന്ന നാലാമത്തെ കൊലപാതകമായിരുന്നു റിയാസ് മുസ്‌ലിയാരുടേത്. എന്നാല്‍ അക്രമികള്‍ ഉദ്ദേശിച്ചതുപോലെ ഒരു കലാപം പ്രദേശത്തോ കാസര്‍കോട് ജില്ലയിലോ നടന്നില്ല.
പ്രകോപനത്തില്‍പ്പെടാതിരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും മതസംഘടനകളും മുന്നിട്ടിറിങ്ങിയപ്പോള്‍ അന്നുവരെ കാണാത്ത മാതൃകയാണ് കാസര്‍കോട് ഉണ്ടായത്. ഒരനിഷ്ട സംഭവും കൊലപാതകത്തെ തുടര്‍ന്ന് നാട്ടിലുണ്ടായില്ല. പള്ളിയില്‍ പ്രാര്‍ഥനയും മദ്‌റസയില്‍ അധ്യാപനവുമായി കഴിഞ്ഞിരുന്ന മടിക്കേരി കൊടക് സ്വദേശിയായ മുഹമ്മദ് റിയാസെന്ന നിസ്വാര്‍ഥനായ മനുഷ്യനെ ഇല്ലാതാക്കിയ ശക്തികള്‍ എന്തുനേടിയെന്നാണ് ഇപ്പോഴുയരുന്ന ചോദ്യം.
റിയാസ് മുസ്‌ലിയാരുടെ വിധവയും കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ഇപ്പോള്‍ നീതിതേടി കോടതിക്ക് മുന്നിലാണ്. കൊടും ക്രൂരകൃത്യം നടത്തിയ പ്രതികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കുമ്പോഴും മതത്തിന്റെ പേരില്‍ ഇനി ഈ മണ്ണില്‍ ചോര വീഴാതിരിക്കാനുള്ള ശ്രമവും ഈ നിയമയുദ്ധത്തിലൂടെ പ്രതീക്ഷിക്കുന്നു.
റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞു. കേസിലെ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കുട്‌ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ മാത്തയിലെ എസ് നിതിന്‍ റാവു (19), കേളുഗുഡ്ഡെ ഗംഗയിലെ എന്‍ അഖിലേഷ് എന്ന അഖില്‍ (25) എന്നിവര്‍ റിമാന്‍ഡിലാണ്. പ്രതികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ട് റിയാസ് മുസ്‌ലിയാരുടെ ഭാര്യയും ആക്ഷന്‍ കമ്മിറ്റിയും നല്‍കിയ ഹരജി ഹൈക്കോടതി പരിഗണനയിലാണ്. കേസില്‍ വിചാരണ തുടങ്ങുന്നത് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
റിയാസ് മുസ്‌ലിയാര്‍ കൊലക്കേസില്‍ ഗൂഡാലോചനയുണ്ടായിരുന്നുവെന്നും വര്‍ഗീയകലാപമായിരുന്നു ലക്ഷ്യമെന്നും അന്വേഷണ സംഘം തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് പ്രതികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തണമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെയും അഭിപ്രായം.
റിയാസ് മുസ്‌ലിയാര്‍ അനുസ്മരണം ഇന്ന്; ഗുജറാത്ത് മുന്‍ ഡി.ജി.പി പങ്കെടുക്കും
കാസര്‍കോട്: പഴയചൂരി മുഹ്‌യുദ്ദീന്‍ ജമാഅത്ത് മുഅദ്ദീന്‍ കെ.എസ് മുഹമ്മദ് റിയാസ് മുസ്‌ലിയാരെ കൊലപ്പെടുത്തിയ നീറുന്ന നോവിന് ഒരാണ്ട് തികയുന്ന വേളയില്‍ ചൂരി മഹല്‍ ഫെഡറേഷന്‍ ഇന്ന് സംഘടിപ്പിക്കുന്ന റിയാസ് മുസ്‌ലിയാര്‍ അനുസ്മരണ ചടങ്ങില്‍ മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം 4.30ന് ചൂരി ജങ്ഷനില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ആര്‍.ബി ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. റിയാസ് മുസ്‌ലിയാര്‍ കൊലപാതക കേസില്‍ കോടതി നടപടികള്‍ ആരംഭിച്ച സ്ഥിതിക്ക് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും കേസില്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്നതു തന്നെയാണ് അഭിപ്രായമെന്നും ചൂരി മഹല്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.എ ഷുക്കൂര്‍, സി.എ മുഹമ്മദലി, ഹാരിസ് ചൂരി, സത്താര്‍ കറന്തക്കാട്, മഹമ്മൂദ് ഒടേക്കാട്, സി.എച്ച് അബ്ദുല്ല കുഞ്ഞി, മമ്മു ഫുജൈറ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."