ഷോണ്‍ ജോര്‍ജിന്റെ പരാതി റെയില്‍വേ പൊലിസ് അന്വേഷിക്കും
തിരുവനന്തപുരം: നിഷാ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ വിവാദ പരാമര്‍ശത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പി.സി. ജോര്‍ജ് എം.എല്‍.എയുടെ മകന് ഷോണ്‍ ജോര്‍ജ് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് നല്കിയ പരാതി റെയില്‍വേ പൊലിസ് അന്വേഷിക്കും. നേരത്തെ ഷോണ്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാനാവില്ലെന്ന് കാണിച്ച് പരാതി തള്ളിയിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം വീണ്ടും ഷോണ്‍ ഡി.ജി.പി ക്ക് പരാതി നല്കി. ഈ പരാതിയാണ് റെയില്‍വേ പൊലിസിന് ഡി.ജി.പി കൈമാറിയത്.
ഒരു രാഷ്ട്രീയ നേതാവിന്റെ മകന് ട്രെയിന്‍ യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു നിഷയുടെ വെളിപ്പെടുത്തല്‍. നിഷയുടെയും മൊഴി റെയില്‍വേ പൊലിസ് എടുക്കും. പുസ്തകത്തില്‍ പറയുന്ന ട്രെയിന്‍ യാത്ര ഏത് ദിവസമാണെന്ന് കണ്ടെത്തിയതിന് ശേഷം അന്നത്തെ യാത്രക്കാരുടെ ലിസ്റ്റുകള്‍ വിശദമായി പരിശോധിക്കും. പുസ്തകത്തില്‍ പരാമര്‍ശിക്കുന്നപോലെ അപമര്യാദയായി പെരുമാറിയ നേതാവിന്റെ മകനെതിരേ നടപടിയെടുക്കാന്‍ വിസമ്മതിച്ച ടി.ടി.ആറിനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. ടി.ടി.ആറിനെ കണ്ടെത്തി മൊഴിയെടുക്കും. അതേസമയം, വിവാദം ഒതുക്കി തീര്‍ക്കാനുള്ള തിരക്കിട്ട നീക്കങ്ങളും നടക്കുന്നുണ്ടെന്നാണറിയുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ചില ഉന്നത നേതാക്കളാണ് ഇതിനുള്ള ശ്രമം നടത്തുന്നതെന്നാണ് സൂചന. റെയില്‍വേ പൊലിസ് അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന നിലപാടിലാണ് ഷോണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."