കൈയടിക്കാം, ഇന്ത്യന്‍ നായകന്റെ കുതിപ്പില്‍
ഇന്ത്യന്‍ ഫുട്‌ബോളിലെ ഉയരക്കാരായ ആറടി രണ്ടിഞ്ചുകാരന്‍ സന്ദേഷ് ജിങ്കന്‍, ആറടിക്കാരന്‍ റൗളിന്‍ ബോര്‍ജസ്, ആറടി ആറിഞ്ചുകാരന്‍ ഗുര്‍പ്രീത് സിങ് സന്ദു എന്നിവര്‍ക്കിടയില്‍ നിന്നാല്‍ അഞ്ചടി ഏഴിഞ്ചുകാരനായ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ തലയായിരിക്കും ഉയര്‍ന്നു കാണുക.
ലോക ഫുട്‌ബോളര്‍മാരായ ആറടി രണ്ടിഞ്ചുകാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അഞ്ചടി ഏഴിഞ്ചുകാരന്‍ ലയണല്‍ മെസ്സി, അഞ്ചടി ഒന്‍പത് ഇഞ്ചുള്ള സ്‌പെയിന്‍ താരം ഡേവിഡ് വില്ല, ആറടിക്കാരനായ അമേരിക്കന്‍ ഫുട്‌ബോളര്‍ ക്ലയന്റ് ഡംപ്‌സി എന്നിവര്‍ക്കൊപ്പം നിന്നാല്‍ അഞ്ചടിക്കാരനായ ചേത്രിയുടെ തല ഇവര്‍ക്കൊപ്പം നില്‍ക്കും. നിലവില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെയും ലോക ഫുട്‌ബോളിന്റെയും ചരിത്രത്തില്‍ സ്വന്തം പേരെഴുതിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മുന്നേറുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇന്ത്യക്ക് പുറത്തുകടക്കുന്നു എന്നതിനു തെളിവാണിതെല്ലാം.
ഐ.എസ്.എല്‍ നാലാം സീസണില്‍ സ്വന്തം ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ ചേത്രിയെന്ന കുറിയ മനുഷ്യന്റെ പങ്കു വളരെ വലുതായിരുന്നു. ബംഗളൂരു എഫ്.സിയുടെ പരിശീലകനായ സ്‌പെയിന്‍കാരന്‍ ആല്‍ബര്‍ട്ട് റോക്ക, പൂനെ സിറ്റി എഫ്.സിയുടെ പരിശീലകന്‍ സെര്‍ബിയക്കാരന്‍ റാങ്കോ പോപ്‌കോവിക് എന്നിവര്‍ സെമി ഫൈനല്‍ മത്സരശേഷം മടിക്കാതെ പുകഴ്ത്തിയ താരം ഛേത്രി മാത്രമാണ്. നിര്‍ണായക മത്സരത്തില്‍ ഛേത്രിക്ക് എങ്ങനെ കളിക്കണമെന്നു നന്നായറിയാം, വളരെ കൃത്യമായി അതു നിറവേറ്റുന്ന താരമാണ് ഛേത്രിയെന്നുമായിരുന്നു ഇരുവരുടെയും വിലയിരുത്തല്‍. ഐ.എസ്.എല്‍ സെമി ഫൈനലില്‍ പൂനെ സിറ്റിക്കെതിരേ ഹാട്രിക് ഗോള്‍ നേടി ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ ഛേത്രിക്കായി. 14 ഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ മികച്ച താരമാകാനും ഇന്ത്യന്‍ ക്യാപ്റ്റന് സാധിച്ചു.
നാലാം സീസണില്‍ കളിച്ച വിദേശ താരങ്ങളായ സ്പാനിഷ് താരം ഫെറാന്‍ കൊറോമിനസ്, മാനുവല്‍ ലാന്‍സറോട്ടി, മിക്കു, എറിക് പാര്‍ത്താലു, മാഴ്‌സലീന്യോ, കാലു ഉച്ചെ, റോബി കീന്‍ എന്നിവര്‍ക്കിടയില്‍ നിന്ന് ഐ.എസ്.എല്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി ബംഗളൂരു എഫ്. സിയുടെ നായകനായ ഛേത്രിയെ തിരഞ്ഞെടുത്തുവെന്നത് ചെറിയ കാര്യമല്ല. മോഹന്‍ ബഗാനില്‍ നിന്നു തുടങ്ങിയ ഛേത്രിയുടെ യാത്ര ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലപ്പത്തും ലോക ഫുട്‌ബോളിനൊപ്പവും എത്തി നില്‍ക്കുന്നു. ഇനിയും താരത്തിന് മുന്നില്‍ ഒട്ടേറെ അവസരങ്ങള്‍ തുറന്നു കിടക്കുന്നുണ്ട്.
സ്വന്തം രാജ്യത്തിനായി 79 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, 61 ഗോള്‍ നേടിയ ലയണല്‍ മെസ്സി, 59 ഗോള്‍ നേടിയ ഡേവിഡ് വില്ല, 57 ഗോള്‍ നേടിയ ക്ലയന്റ് ഡംപ്‌സി എന്നിവര്‍ക്ക് പിന്നില്‍ അഞ്ചാമനായാണ് 97 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. ക്ലച്ച് പിടിക്കാത്ത ഇന്ത്യന്‍ ഫുട്‌ബോളിന് എഴുപത് വര്‍ഷത്തെ ചരിത്രമുണ്ടെങ്കിലും രാജ്യത്തെ ഒരു താരം ലോകത്തോര കളിക്കാരുടെ പട്ടികയിലെത്തുന്നത് ആദ്യമായിരിക്കും. സൂപ്പര്‍ കപ്പിനുള്ള ബംഗളൂരുവിനെ നയിക്കുന്നതും 33കാരനായ ഛേത്രി തന്നെയാണ്. കൈപ്പിടിയില്‍ നിന്ന് വഴുതിപ്പോയ ഐ.എസ്.എല്‍ കിരീടത്തിനു പകരമായി പ്രഥമ സൂപ്പര്‍ കപ്പ് കിരീടം ബംഗളൂരുവിന്റെ ഷെല്‍ഫിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഇന്ത്യന്‍ ഇതിഹാസം. ഇന്ത്യന്‍ നായകന്റെ ഈ കുതിപ്പിന് കരുത്തായി 136 കോടിയിലധികം ജനതയുടെ പിന്തുണയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."