നോക്കുകുത്തിയായി അതിര്‍ത്തിയിലെ സി.സി.ടി.വി ക്യാമറകള്‍
മീനാക്ഷിപുരം: അതിര്‍ത്തിയിലെ പൊലിസ് സി.സി.ടി.വി നോക്കുകുത്തിയായി. കഴിഞ്ഞവര്‍ഷം ഗോവിന്ദാപുരം അതിര്‍ത്തി പാലത്തിനടുത്ത് കൊല്ലങ്കോട് പൊലിസ് സ്ഥാപിച്ച സി.സി.ടി.വിയാണ് പരിശോധിക്കുവാനും ക്രമീകരിക്കുവാനും സംവിധാനമില്ലാത്തതിനാല്‍ നോക്കുകുത്തിയായത്.
വാഹന മോഷ്ടാക്കളെയും മാല മോഷ്ടാക്കളേയും നീരീക്ഷിക്കാന്‍ സഹായകമാകേണ്ട കാമറകളാണ് അധികൃതരുടെ അനാസ്ഥമൂലം നോക്കുകുത്തിയാകുന്നത്. എന്നാല്‍ വേലന്താവളം ഉള്‍പെടെ മീനാക്ഷിപുരത്തും ഗോപാലപുരത്തും വാഹനങ്ങളെ നീരീക്ഷിക്കുന്നതിനുള്ള കാമറകള്‍ കേരള പൊലിസ് ഘടിപ്പിച്ചിട്ടുമില്ല.
മോഷണ വാഹനങ്ങള്‍ ഉള്‍പെടെ കവര്‍ച്ചയില്‍ ഉള്‍പെട്ടവര്‍ തമിഴ്‌നാട്ടിലേക്ക് റോഡ് മാര്‍ഗത്തില്‍ എത്തുന്ന പ്രധാന അതിര്‍ത്തി പ്രദേശമാണ് ഗോവിന്ദാപുരം.
കഴിഞ്ഞവര്‍ഷം കൊല്ലങ്കോട് പൊലിസ് ഗോവിന്ദാപുരത്ത് അതിര്‍ത്തി സ്‌ക്രീനിങ്ങിന്റെ ഭാഗമായി സ്ഥാപിച്ച സി.സി.ടി.വി തുടക്കത്തില്‍ രണ്ടു മാസത്തേക്ക് പരിശോധനയും പൊലിസ് കാവലും ഉണ്ടായിരുന്നെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊലിസ് സ്ഥലത്ത് എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പൊലിസിന്റെ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുകയാണെങ്കില്‍ ലഹരികടത്ത് ഉള്‍പെടെ മിക്കവാറും കേസുകളില്‍ മുഖ്യ തെളിവുകളായി വിഡിയോകള്‍ മാറുമെന്ന് നാട്ടുകാര്‍ പറയുന്നു.
വാളയാര്‍ മുതല്‍ ചെമ്മണാമ്പതി വരെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ച് അവയുടെ കണ്‍ട്രോള്‍ ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസുമായി ബന്ധിപ്പിക്കണമെന്നും കാമറ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ നീരീക്ഷിക്കുവാന്‍ സ്ഥിരം പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ സി.സി.ടി.വി കാമറകളുടെ നിരീക്ഷണം സജീവമായി മുന്നേറുകയാണ്. പറമ്പിക്കുളം, ആളിയാര്‍ നദീജല പ്രദേശത്തെ റോഡ് ഉപരോധ സമരങ്ങള്‍ തമിഴ് സംഘടനകള്‍ നടത്തിയതിനെ തുടര്‍ന്ന് മീനാക്ഷിപുരം, ചെമ്മണാമ്പതി, നടുപ്പുണി, ഗേപാലപുരം, ഒഴലപതി എന്നിവിടങ്ങളില്‍ സി.സി.ടിവി കാമറകള്‍സ്ഥാപിച്ചിരുന്നു. പൊള്ളാച്ചി ഡിവൈ.എസ്.പിയുടെ ഓഫിസില്‍ കണ്‍ട്രോള്‍ സംവിധാനമുള്ള സി.സി.ടി.വി കാമറകളാണ് ഘടിപ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."