തെരുവില്‍ കഴിയുന്ന നായാടി കുടുംബങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കമ്മിറ്റി
കൈപ്പമംഗലം : എടത്തിരുത്തി, വലപ്പാട് പഞ്ചായത്തുകളില്‍ കാലങ്ങളായി തെരുവില്‍ കഴിഞ്ഞു വരുന്ന നായാടി കുടുംബങ്ങള്‍ക്കു ആധികാരികമായ രേഖകളും താമസ സൗകര്യവും മറ്റു അനുബന്ധ കാര്യങ്ങളും സംഘടിപ്പിച്ചു നല്കുന്നതിനു വേണ്ടി കയ്പ്പമംഗലം എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ അധ്യക്ഷനായി എടത്തിരുത്തി പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു.
തെരുവില്‍ താമസിക്കുന്ന 11 കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡു ലഭിക്കുന്നതിനു ആവശ്യമായ അപേക്ഷയും മറ്റു കാര്യങ്ങളും ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിക്കുന്നതിനു താലൂക്ക് റേഷനിംഗ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ഇവരുടെ കുട്ടികള്ക്കള്ക്കു വിദ്യാഭ്യാസ സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്യുന്നതിനു ജില്ലാ, ബ്ലോക്ക് വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ജാതി സംബന്ധമായ രേഖകള്‍ ശെരിയാക്കുന്നതിനു ജില്ലാ, ബ്ലോക്ക്, പട്ടികജാതി വികസന ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്കു വേണ്ടി കഴിഞ്ഞ ദിവസം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. വരും നാളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കു പെരിഞ്ഞനം, വലപ്പാട് സി.എച്ച്.സി മെഡിക്കല്‍ സൂപ്രണ്ടുമാരെ ചുമതലപ്പെടുത്തി.
സാമൂഹ്യക്ഷേമ സംബന്ധമായ കാര്യങ്ങള്‍ക്കു ബ്ലോക്ക്, പഞ്ചായത്ത്, സാമൂഹ്യക്ഷേമ വകുപ്പിനെ ചുമതലപ്പെടുത്തി. ഏറ്റെടുത്ത ദൗത്യം ഏറ്റവും അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിറവേറ്റുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരുംകാല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഒരു കമ്മിറ്റിയും രൂപീകരിച്ചു. രക്ഷാധികാരിയായി എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്ററേയും ചെയര്മാന്മാരായി ബൈന പ്രദീപ് (പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത് , എടത്തിരുത്തി), തോമസ് മാസ്റ്റര്‍ (പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് വലപ്പാട്) എന്നിവരേയും വൈസ് ചെയര്മാന്മാരായി ഗീത മോഹന്‍ദാസ് (സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്), കെ.വി മനോഹരന് (സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്) എന്നിവരേയും കണ്‍വീനര്‍ അഡ്വ.വി.കെ ജ്യോതി പ്രകാശ്, ജോയിന്റ് കണ്‍വീനര്‍മാര്‍ എ.വി സതീഷ്, ഷെമീര്‍ എളേടത്ത്, അംഗങ്ങളായി ഷീന വിശ്വന് ( ബ്ലോക്ക് മെമ്പര്‍ മതിലകം), ഉഷ വേലായുധന് (ഒന്നാം വാര്‍ഡ് മെമ്പര്‍, എടത്തിരുത്തി), പി.എസ് സൈനുദ്ധീന്‍ മാസ്റ്റര്‍ (പഞ്ചായത്ത് അംഗം എടത്തിരുത്തി), എം.യു ഫാറൂക്ക് (പഞ്ചായത്ത് അംഗം എടത്തിരുത്തി), തുളസി സന്തോഷ് (പഞ്ചായത്ത് അംഗം വലപ്പാട്) എന്നിവരേയും തെരഞ്ഞെടുത്തു.
യോഗത്തില്‍ ജില്ലാ കളക്ടറെ പ്രതിനിധീകരിച്ചു സബ് കലക്ടര്‍ ഡോ: എം.സി റെജില്‍, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, ജില്ലാ, ബ്ലോക്ക്, പട്ടികജാതി വകുപ്പ് ഓഫീസര്‍മാര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍, ജില്ലാ, ബ്ലോക്ക്, വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍മാര്‍, ജനമൈത്രി പൊലിസ് ഓഫീസര്‍മാര്‍, എടത്തിരുത്തി, വലപ്പാട് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ സന്നധ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."