ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയാന്‍ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങളുടെ മറവില്‍ നടത്തുന്ന ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് പോലുള്ള സംഘടനകള്‍ മാസ്ഡ്രില്‍ നടത്തുന്നതായും അനധികൃതമായ ഇത്തരം പരിശീലനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതിനെ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചില ആരാധനാലയങ്ങളുടെ പരിസരങ്ങള്‍, സ്‌കൂള്‍ വളപ്പുകള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലം, ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആര്‍.എസ്.എസ് നടത്തുന്ന ശാഖകളില്‍ ദണ്ഡ ഉപയോഗിച്ചു പരിശീലനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരള പൊലിസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം അധികാരപ്പെട്ടയാളുടെ അനുമതിയില്ലാതെ സ്വയംരക്ഷ സംബന്ധിച്ചോ അഭ്യാസരീതികള്‍ ഉള്‍ക്കൊള്ളുന്ന കായികപരിശീലനം സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ഇതിനായി സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടമോ പരിസരമോ പെര്‍മിറ്റില്ലാതെ ആര്‍ക്കും അനുവദിക്കാനും പാടില്ല. ജില്ലാ മജിസ്‌ട്രേറ്റിന് മാസ്ഡ്രില്‍ നിരോധിക്കുന്നതിനുള്ള അധികാരമുണ്ട്.
ആരാധനാലയങ്ങള്‍ ഭക്തര്‍ക്ക് ആരാധന നടത്താനുള്ള ഇടങ്ങളാണ്. ഇതിനു വിഘാതമായ പ്രശ്‌നങ്ങള്‍ ചില ഇടങ്ങളില്‍ ഉണ്ടാകുന്നുണ്ട്. അത്തരം നടപടികളെ കര്‍ശനമായി നിയന്ത്രിച്ച് ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ ഇത്തരം സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നത് വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കെതിരും കുറ്റകരവുമാണ്. മതനിരപേക്ഷത ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. ഇതിനെതിരായ നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരേ കര്‍ശന നടപടിയുണ്ടാകും. അനുമതിയില്ലാതെ സ്വകാര്യവ്യക്തികളുടെ സ്ഥലം കൈയേറിയുള്ള ആയുധ പരിശീലനം സ്വകാര്യ വസ്തുവിന്‍മേലുള്ള കൈയേറ്റമായാണ് പരിഗണിക്കുന്നത്. പരാതി ലഭിച്ചാല്‍ നടപടിയുണ്ടാകും. ആയുധപരിശീലനം പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനെതിരേ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ ആയുധ പരിശീലനത്തില്‍ പങ്കെടുക്കുന്നതായി പരാതി ലഭിച്ചാല്‍ നിയമപ്രകാരം പരിശോധിച്ചു നടപടിയെടുക്കും. പൊതുസ്ഥലങ്ങളില്‍ മതസംഘടനകളുടേതുള്‍പ്പെടെയുള്ള ചിഹ്നങ്ങള്‍ സ്ഥാപിക്കുന്ന രീതിയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഏകീകൃത നിലപാടാണ് വേണ്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."