സന്തോഷ് ട്രോഫി: പശ്ചിമ ബംഗാളിന് തുടര്‍ച്ചയായ രണ്ടാം ജയം
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ പശ്ചിമ ബംഗാളിന് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എ മത്സരത്തില്‍ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് അവര്‍ മഹാരാഷ്ട്രയെ തുരത്തി. മറ്റൊരു മത്സരത്തില്‍ മണിപ്പൂരിനെ ചണ്ഡീഗഢ് 1-1ന് സമനിലയില്‍ തളച്ചു.
ബിദ്യാസാഗര്‍ സിങ് നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലാണ് ബംഗാള്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ നേടിയ ശേഷമാണ് മഹാരാഷ്ട്ര രണ്ടാം പകുതിയില്‍ അഞ്ച് ഗോളുകള്‍ വഴങ്ങി തോല്‍വി ഇരന്നു വാങ്ങിയത്. മൊണോഷ് ചക്ലദര്, ജിതേന്‍ മുര്‍മു, രാജൊന് ബര്മന് എന്നിവരാണ് ബംഗാളിനായി ശേഷിച്ച ഗോളുകള്‍ വലയിലാക്കിയത്. 79, 82 മിനുട്ടുകളിലാണ് ബിദ്യാസാഗര്‍ ഇരട്ട ഗോളുകള്‍ നേടിയത്. മൊണോഷ് 55ാം മിനുട്ടില്‍ ടീമിനെ സമനിലയിലെത്തിച്ചു. ജിതേന്‍ 62ാം മിനുട്ടിലും രാജൊന് 89ാം മിനുട്ടിലും പട്ടിക പൂര്‍ത്തിയാക്കി.
ഈ മാസം 25ന് നടക്കുന്ന തങ്ങളുടെ രണ്ടാം പോരാട്ടത്തില്‍ കേരളം മഹാരാഷ്ട്രയുമായി ഏറ്റുമുട്ടും. ബംഗാള്‍- ചണ്ഡീഗഢുമായും മത്സരിക്കും. ആദ്യ പോരാട്ടത്തില്‍ കേരളം 5-1ന് ചണ്ഡീഗഢിനെ തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."