പുറപ്പുഴ - മണക്കാട് ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം 24 ന്
തൊടുപുഴ : ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലഅതോറിറ്റി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുറപ്പുഴ - മണക്കാട് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 24 ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് നിര്‍വ്വഹിക്കുമെന്ന് പി.ജെ.ജോസഫ് എം.എല്‍.എ. അറിയിച്ചു. വൈകിട്ട് അഞ്ചിന് വഴിത്തല (പുറപ്പുഴ പഞ്ചായത്ത് അങ്കണം) യില്‍ നടക്കുന്ന യോഗത്തില്‍ പി.ജെ.ജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തും.
അരിക്കുഴ കൃഷി ഫാമിനു സമീപം തൊടുപുഴയാറിന്റെ മേതലപ്പാറ ഭാഗത്താണ് പദ്ധതിക്കുള്ള കിണറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. 30 കോടി രൂപയുടെ പദ്ധതിയാണിത്. പ്രതിദിനം 80 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയോടനുബന്ധിച്ച് മണക്കാട് പഞ്ചായത്തിലെ പച്ചൂര്‍, താമല, മുടക്കൊല്ലി,മുണ്ടന്‍മല, ഉന്നയ്ക്കാട്ടുമല പുറപ്പുഴ പഞ്ചായത്തിലെ കൊടികുത്തി, കുണിഞ്ഞി, നെടുമ്പാറ എന്നിവിടങ്ങളില്‍ ടാങ്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. അരിക്കുഴയില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം പുതുതായി സ്ഥാപിച്ച മെയിന്‍ ലൈനിലൂടെ ടാങ്കുകളിലെത്തിക്കും.
മണക്കാട് പഞ്ചായത്തില്‍ 19 പൊതു ടാപ്പുകളും പുറപ്പുഴ പഞ്ചായത്തില്‍ 18 പൊതു ടാപ്പുകളും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. നെടുമ്പാറ ടാങ്ക് 4.5 ലക്ഷം ലിറ്ററും, കുണിഞ്ഞി ടാങ്ക് 1.6 ലക്ഷം ലിറ്ററും, കൊടുകുത്തി ടാങ്ക് 90,000 ലിറ്ററും സംഭരണ ശേഷിയുള്ളതാണ്. നിലവിലുള്ള ചുണ്ടേക്കാട് ടാങ്കില്‍ 60,000 ലിറ്റര്‍ വെള്ളം ശേഖരിക്കാനാവും. പദ്ധതിയോടനുബന്ധിച്ച് മേതലപ്പാറയില്‍ 400 കെ.വി. യുടെയും 160 കെ.വി.യുടെയും രണ്ടു ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി കമ്മിഷന്‍ ചെയ്യുന്നതോടെ രണ്ടു പഞ്ചായത്തുകളിലേയും ഉയര്‍ന്ന പ്രദേശങ്ങളിലടക്കം കുടിവെള്ള വിതരണം സുഗമമാകും. വഴിത്തലയില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ കക്ഷി നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."