സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിലേക്കു മത്സരം; ടി.വി ഗോവിന്ദന്‍ പരാജയപ്പെട്ടത് ഒരു വോട്ടിന്
കാസര്‍കോട്: ഇന്നലെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിലേക്കു നടന്ന മത്സരത്തില്‍ ടി.വി ഗോവിന്ദന്‍ പരാജയപ്പെട്ടു. നിലവിലെ സെക്രട്ടേറിയേറ്റില്‍ നിന്നു പുറത്തു പോകേണ്ടി വന്ന ടി.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പാനലിനെതിരേ മത്സരിച്ചുവെങ്കിലും ഒരു വോട്ടിനു പരാജയപ്പെടുകയായിരുന്നു. പാനലിലെ പി. രാഘവനാണ് കൂടുതല്‍ വോട്ടുലഭിച്ചത്.
ഒന്‍പതംഗ ജില്ലാ കമ്മിറ്റിയില്‍ മൂന്നു പുതുമുഖങ്ങളുണ്ട്. നിലവിലുള്ള കമ്മിറ്റിയില്‍ നിന്നു മൂന്നുപേരെ ഒഴിവാക്കി. ഇപ്പോള്‍ വിദേശത്തുള്ള പി. രാഘവനെ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നിലവിലെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്ന മുന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദനെ സെക്രട്ടേറിയറ്റില്‍ നിന്നൊഴിവാക്കിയത് അപ്രതീക്ഷിതമായാണ്.
ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, പി. രാഘവന്‍, എം. രാജഗോപാലന്‍ എം.എല്‍.എ, പി. ജനാര്‍ദ്ദനന്‍, കെ.വി കുഞ്ഞിരാമന്‍, ഡോ. വി.പി.പി മുസത്ഫ, വി.കെ രാജന്‍, സാബു എബ്രഹാം, കെ.ആര്‍ ജയാനന്ദ എന്നിവരാണ് ജില്ലാ സെക്രട്ടേറിയറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ സി.ഐ.ടി.യു നേതാവ് വി.കെ രാജന്‍, നേരത്തെ മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയും നിലവില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ.ആര്‍ ജയാനന്ദ, എളേരി ഏരിയാ സെക്രട്ടറി സാബു എബ്രഹാം എന്നിവരാണ് പുതുമുഖങ്ങള്‍.
നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്ന ടി.വി ഗോവിന്ദനെ സെക്രട്ടേറിയറ്റില്‍ നിന്നൊഴിവാക്കുമെന്ന സൂചനകള്‍ പോലും ഉണ്ടായിരുന്നില്ല. കഴിഞ്ഞകാലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്ന പി. രാഘവനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന വിധത്തില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ പി. രാഘവനെ സെക്രട്ടറിയേറ്റില്‍ നിലനിര്‍ത്തുകയും ടി.വി ഗോവിന്ദനെ ഒഴിവാക്കുകയും ചെയ്തത് അപ്രതീക്ഷിതമായ നടപടിയായി.
കഴിഞ്ഞ തവണ ആദ്യമായാണ് ടി.വി ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ എത്തിയത്. ഒന്നാമത്തെ ടേം പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെ സെക്രട്ടേറിയറ്റില്‍ നിന്നു ഒരാള്‍ പുറത്തുപോകേണ്ടി വരുന്നത് ജില്ലയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായണ്. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സി.എച്ച് കുഞ്ഞമ്പുവിന്റെയും കെ.പി സതീഷ് ചന്ദ്രന്റെയും ഒഴിവുകള്‍ നിലവില്‍ കമ്മിറ്റിയിലുണ്ട്. ഇതില്‍ ഒരൊഴിവ് ഇന്നലെ നികത്തി. കാസര്‍കോട് ഏരിയാ സെക്രട്ടറി കെ. ഹനീഫയെ പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍ എം.പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."