സഊദിയില്‍ 84 വര്‍ഷത്തേക്കുള്ള എണ്ണശേഖരമുണ്ടെന്ന് കിരീടാവകാശി സഊദി രാജാവും അമേരിക്കയിലേക്ക്
റിയാദ്: സഊദിയില്‍ അടുത്ത 84 വര്‍ഷത്തേക്കുള്ള എണ്ണശേഖരമുണ്ടെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ് രാജകുമാരന്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എണ്ണവിലയിലെ സ്ഥിരതയാണ് സഊദി ലക്ഷ്യമിടുന്നത്. ചില കയറ്റുമതിക്കാര്‍ എണ്ണവിപണിയില്നിന്ന് പിന്‍വലിയുന്നതോടെ വില വര്‍ധിക്കും. ഇത് മുന്നില്‍ക്കണ്ട് ഇപ്പോള്‍തന്നെ നിക്ഷേപം നടത്തണം. നാലുവര്‍ഷത്തിനുള്ളില്‍ എണ്ണവില വന്‍തോതില്‍ ഉയരും. അത് ഉല്പാദകര്ക്കും ഉപഭോക്താക്കള്‍ക്കും നല്ലതല്ല.
അമേരിക്കയുമായുള്ള നിക്ഷേപ പദ്ധതി ഇപ്പോള്‍ നാല്പതിനായിരം കോടി ഡോളറില്‍ എത്തി. ഇരുപതിനായിരം കോടി ഡോളറിലാണ് ഇത് ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം അമേരിക്കയുമായുണ്ടാക്കിയ കരാറില്‍ 30 ശതമാനവും നടപ്പാക്കിയിട്ടുണ്ട്. സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തോടെ ഇത് യാഥാര്‍ഥ്യമാകും. അമേരിക്കക്കും സഊദിക്കും മാത്രമല്ല, ലോകത്തിന് തന്നെയുള്ള ഭീഷണികളെ നേരിടാനാണ് താന്‍ അമേരിക്കയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കിരീടാവകാശി ബോയിങ്, റെയ്ത്തിയോണ്‍, ലോക്ഹീദ് മാര്ട്ടിന്, ജനറല്‍ ഡൈനാമിക്സ് തുടങ്ങിയ ആയുധ നിര്‍മാണ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും ഇരുരാജ്യങ്ങളും തമ്മില്‍ സംയുക്ത നീക്കങ്ങള്‍ നടത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."