'ഗള്‍ഫ് ഷീല്‍ഡ് 1'; അറബ് രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസത്തിനു സഊദിയില്‍ തുടക്കമായി
റിയാദ്: ഗള്‍ഫ് രാജ്യങ്ങളുടയും അറബ് രാജ്യങ്ങളുടെയും സംയുക്തതയില്‍ സഊദിയില്‍ സൈനികാഭ്യാസത്തിനു തുടക്കമായി. 'ഗള്‍ഫ് ഷീല്‍ഡ് 1' എന്ന് പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തിനു സഊദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് തുടക്കമായത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ 23 രാജ്യങ്ങളാണ് പങ്കടുക്കുന്നത്. അഭ്യാസ വൈവിധ്യത്താലും നവീന ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനത്താലും നിലവാരത്തിലും മേഖലയിലെ ഏറ്റവും വലിയ സൈനിക പ്രകടനമാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യങ്ങളുടെ സൈനിക സന്നദ്ധത വര്‍ധിപ്പിക്കുക, വിവിധ ആജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. അതേസമയം, സഊദിയടക്കമുള്ള സഖ്യ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ ഖത്തറും 'ഗള്‍ഫ് ഷീല്‍ഡ് 1' സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെകിലും അതെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
23 രാജ്യങ്ങളിലെ കര, വ്യോമ, നാവിക സേനകളാണ് സൈനികാഭ്യാസത്തില്‍ പങ്കാളികളാകുന്നത്. ഗള്‍ഫ്, അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്ക, ബ്രിട്ടന്‍, പാകിസ്ഥാന്‍ തുടങ്ങ്യ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ സൈനിക കരുത്ത് ശക്തിപ്പെടുത്തണമെന്ന് സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സൈനികാഭ്യാസം സംഘടിപ്പിച്ചത്.
അതിനിടെ, അമേരിക്കയും സഊദിയും നേരത്തെ മധ്യ സഊദിയില്‍ ആരംഭിച്ച സംയുക്ത സൈനികാഭ്യാസത്തിനു കഴിഞ്ഞ ദിവസം പര്യവസാനമായി. റോയല്‍ സഊദി ലാന്‍ഡ് ഫോഴ്‌സ്, യു എസ് ആര്‍മി സംയുക്തമായി 'ഫ്രണ്ട്ഷിപ്പ് 2018' എന്ന പേരില്‍ ഏതാനും ദിവസങ്ങളായി സംയുക്ത സൈനികാഭ്യാസം നടന്നു വരികയായിരുന്നു. പരമ്പരാഗതവും നവീനവുമായ യുദ്ധ തന്ത്രങ്ങള്‍ കൈമാറുക, യുദ്ധ മുഖത്ത് നേരിടേണ്ടി വരുന്ന വിവിധ സാഹചര്യങ്ങള്‍ അനുഭവങ്ങളില്‍ നിന്നുള്ളവര്‍ അത് പങ്കു വെക്കുക, ശത്രുവിനെ എതിരിടുന്നതില്‍ തന്ത്രങ്ങള്‍ മെനയുക, തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സൈനിക പരിശീലനം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."