ചിറകുവിരിക്കാനൊരുങ്ങി കാസര്‍കോട്
വി.കെ പ്രദീപ്
കാസര്‍കോട്: ജില്ലയുടെ സ്വപ്ന പദ്ധതികളിലൊന്നായ പെരിയ എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച എയര്‍സ്ട്രിപ്പ് പദ്ധതി നടപ്പാക്കാനായി 30 കോടി രൂപയുടെ പദ്ധതിയാണ് ബജറ്റില്‍ വിഭാവനം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ് അവതരിപ്പിച്ച ബജറ്റില്‍ നിരവധി വികസന പദ്ധതികളും മുന്നോട്ടു വെക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ എയര്‍ സ്ട്രിപ്പ് പദ്ധതി നടപ്പാക്കുവാനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് പെരിയയിലെ 75 ഏക്കര്‍ സ്ഥലത്ത് നിര്‍ദിഷ്ട എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഒരു കമ്പനി രൂപീകരിക്കും. കമ്പനി സ്വകാര്യ നിക്ഷേപകരില്‍ നിന്നടക്കം ഫണ്ട് സ്വരൂപിച്ച് 30 കോടി രൂപ ചെലവിലാണ് എയര്‍ സ്ട്രിപ്പ് പദ്ധതിയൊരുക്കുകയെന്ന് ബജറ്റില്‍ പറയുന്നു. സിയാല്‍ (നെടുമ്പാശേരി) മാതൃകയില്‍ എയര്‍ സ്ട്രിപ്പ് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉഡാന്‍ പദ്ധതിയിലെ സാമ്പത്തിക സഹായവും ഉപയോഗപ്പെടുത്താനാവുമെന്നു പ്രതീക്ഷിക്കുന്നതായി ബജറ്റില്‍ വ്യക്തമാക്കുന്നു. ജില്ലയില്‍നിന്നു ചെറുകിട വിമാനം കുതിച്ചുയരുന്നത് ജില്ലയുടെ വികസനത്തിനു ഗതിവേഗം കൂട്ടുമെന്നും ബജറ്റില്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.
മുംബൈ, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, മംഗ്‌ളുരു വിമാനത്താവളങ്ങളിലേക്കുള്ള സര്‍വിസ് നടത്താനുദ്ദേശിക്കുന്ന 75 പേര്‍ക്ക് യാത്രചെയ്യാനുദ്ദേശിക്കുന്ന ചെറുവിമാന സര്‍വിസാണ് ഉദ്ദേശിക്കുന്നതെന്നും ദീര്‍ഘദൂര ബസുകള്‍ ഉപയോഗിച്ച് സര്‍വിസ് നടത്തുന്ന യാത്രക്കാര്‍ ഈ വിമാന സൗകര്യത്തെ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായുംബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.
രാജപുരം പുളികൊച്ചിയില്‍ മിനി ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നിര്‍ദേശവും ബജറ്റിലുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയും സ്വകാര്യസംരംഭകരുടെ പിന്തുണയോടെ വൈദ്യുതി വകുപ്പിന്റെ സാങ്കേതിക പിന്തുണയോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കമ്പനി രൂപീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട സാധ്യതാപഠനങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞതായി. പ്രതിവര്‍ഷം 65 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 20 കോടി രൂപയാണ്. പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.
1,07,63,32,319 രൂപ വരവും 100,72,98,211 രൂപ ചെലവും 6,90,34,108 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റ് അവതരണയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. ഹര്‍ഷാദ് വൊര്‍ക്കാടി, ഡോ.വി.പി.പി മുസ്തഫ, ഷാനവാസ് പാദൂര്‍, ജോസ് പതാലില്‍, പുഷ്പ അമേക്ക്‌ള, അഡ്വ. ശ്രീകാന്ത്, ഫരീദ സക്കീര്‍ അഹമ്മദ്, എന്‍ നാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."