പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പഠനയാത്ര പരിഗണനയില്‍: മന്ത്രി
തിരുവനന്തപുരം: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പഠനയാത്രാ പരിപാടി പരിഗണിക്കാമെന്ന് മന്ത്രി എ.കെ ബാലന് നിയമസഭയില്‍ വ്യക്തമാക്കി.
കിഫ്ബി വഴി 255 കോടിയുടെ പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 54.68 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിയായി. ബാക്കി പദ്ധതി നിര്‍ദേശങ്ങള്‍ കിഫ്ബിയുടെ പരിഗണനയിലാണ്. സംസ്ഥാനത്ത് ഐ.ടി.ഐകളില്‍ പഠിക്കുന്ന പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്കാന് തുടങ്ങി. ഇവരുടെ മെസ് അലവന്‍സ് വര്‍ധിപ്പിച്ചു.
സംസ്ഥാനത്ത് മുഴുവന്‍ എം.ആര്.എസുകള്‍ക്കും സ്വന്തം കെട്ടിടം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാടക കെട്ടിടങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണത്തിന് നല്കുന്ന തുക വര്‍ധിപ്പിക്കും. നിലവില്‍ ഇതു സംബന്ധിച്ച് പരാതികള്‍ ഒന്നുമില്ല.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് വാഹനം ആവശ്യമുണ്ടെങ്കില്‍ അവ എം.എല്‍.എ ഫണ്ടില്‍നിന്ന് നല്കാന് തയാറാവണം.
കിഫ്ബി മുഖേന അഞ്ച് പ്രീമെട്രിക് ഹോസ്റ്റലുകളും രണ്ട് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും ഒരു യൂത്ത് ഹോസ്റ്റലും നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."