ഘാതകര്‍ക്ക് സുരക്ഷ നല്‍കാന്‍ യോഗി സര്‍ക്കാര്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഉത്തര്‍പ്രദേശിലുണ്ടായ അതിക്രൂരമായ വര്‍ഗീയ കലാപമായിരുന്നു മുസഫര്‍ നഗര്‍, ഷംലി ജില്ലകളില്‍ 2013 സപ്തംബറിലുണ്ടായത്. 62 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 50,000 പേര്‍ ഭവനരഹിതരാവുകയും ചെയ്ത കലാപത്തിന് നേതൃത്വം നല്‍കിയ 131 പേരെ കുറ്റവിമുക്തരാക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അണിയറയില്‍ നീക്കം തുടങ്ങിയിരിക്കുന്നത്. ഈ രണ്ട് ജില്ലകളിലായി 1455 പേര്‍ക്കെതിരെ 503 കേസുകളായിരുന്നു അഖിലേഷ് യാദവ് സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 131 കേസുകള്‍ പിന്‍വലിക്കാനാണ് യു.പി സര്‍ക്കാരിന്റെ നീക്കം. ഇവരില്‍ ഏറെ പേരും ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കളാണ്. ഗ്രാമ മുഖ്യന്മാരും മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ സഞ്ജീവ് ബില്യാണും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് കേസുകള്‍ പിന്‍വലിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ആരംഭിച്ചത്. സഞ്ജീവ് ബില്യാണിന്റെ നേതൃത്വത്തിലായിരുന്നു കലാപകാരികള്‍ ആളുകളെ കൊന്നതും കൊള്ളയടിച്ചതും വീടുകള്‍ അഗ്നിക്കിരയാക്കിയതും. സഞ്ജീവ് ബില്യാണിന് പുറമെ ബുധാന എം.എല്‍.എ ഉമേഷ് മല്ലിക്, യു.പി മന്ത്രി സുരേഷ് റാണ, സര്‍ധാന എം.എല്‍.എ സംഗീത്‌സോം, സ്വാധിപ്രാചി എന്നിവരും കേസുകളില്‍ പ്രതികളാണ്. ഏഴു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കൊലപാതകമോ കൊലപാതക ശ്രമങ്ങളോ ആണ് ഇവരുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഈ കേസുകള്‍ പിന്‍വലിക്കണമെന്നാണിവരുടെ ആവശ്യം. പൊതുബോധത്തെയും നീതിന്യായ വ്യവസ്ഥയെയും അവഹേളിക്കുകയാണ് ഇതിലൂടെ യോഗി സര്‍ക്കാര്‍.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ നടന്ന് കൊണ്ടിരിക്കെ, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം വമിക്കുന്ന കുപ്രചാരണങ്ങള്‍ നടത്തി ഹിന്ദു സഹോദരന്മാരെ മുസ്‌ലിംകള്‍ക്കെതിരേ അക്രമണോത്സുകരാക്കുകയായിരുന്നു ഇവര്‍. 2018ല്‍ എത്തുമ്പോള്‍ വര്‍ഗീയ കലാപം നടന്ന മുസഫര്‍ നഗറിലും ഷംലിയിലും ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദത്തോടെ കഴിയുന്നത് ഈ വര്‍ഗീയ കോമരങ്ങള്‍ക്ക് സഹിക്കുന്നില്ല. വര്‍ഗീയ പ്രചാരണങ്ങള്‍ പൊടിപൊടിച്ചിട്ടും ഗോരഖ്പൂരിലും ഫല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തോറ്റു. ഈ തോല്‍വിക്ക് കാരണം ഹിന്ദുത്വവോട്ടുകളുടെ വികേന്ദ്രീകരണമാണെന്നും അതിനാല്‍ ഇവരെ വീണ്ടും ഒന്നിച്ചുകൂട്ടുവാന്‍ മുസഫര്‍ നഗര്‍, ഷംലി വര്‍ഗീയ കലാപകേസുകള്‍ പിന്‍വലിക്കണമെന്നുമാണ് പ്രതികളാക്കപ്പെട്ട ബി.ജെ.പി - സംഘ്പരിവാര്‍ നേതാക്കളുടെ ആവശ്യം.
ഇതനുസരിച്ച് കഴിഞ്ഞ ഫെബ്രുവരി 23ന് നിയമവകുപ്പ് സെക്രട്ടറി കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മുസഫര്‍ നഗര്‍, ഷംലി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ കൂടിയായ കലക്ടര്‍മാര്‍ക്ക് കത്തുകളയക്കുകയായിരുന്നു. കേസുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കത്തുകള്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ചതെന്ന് നിയമവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഹിന്ദുത്വ ശക്തികളുടെ ഏകീകരണം ഇല്ലാതെപോയാല്‍ ഗോരഖ്പൂര്‍, ഫല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകള്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്ന് ബി.ജെ.പി നേതൃത്വം ഭയപ്പെടുന്നു. ഇതിനായി വര്‍ഗീയ ധ്രുവീകരണം ഒരിക്കല്‍കൂടി യു.പിയില്‍ പരീക്ഷിക്കണമെന്ന് ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നു. വിദ്വേഷ പ്രചാരണങ്ങളിലൂടെയും വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗങ്ങളിലൂടെയും യു.പിയിലെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും പരസ്പരം ശത്രുക്കളാക്കിക്കൊണ്ടിരിക്കുന്ന അധമരാഷ്ട്രീയം യു.പിയില്‍ അവസാനിക്കുകയാണെങ്കില്‍ ഇതോടെ തീരും സംഘ്പരിവാര്‍ പ്രഭൃതികളുടെ തേരോട്ടം. അതിനവര്‍ സമ്മതിക്കുകയില്ല എന്നതിന്റെ സൂചനകൂടിയാണ് കേസുകള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍. എസ്.പി -ബി.എസ്.പി സഖ്യം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടരുകയാണെങ്കില്‍ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളും ദലിത് പിന്നാക്ക വിഭാഗങ്ങളും മുന്നണിക്കൊപ്പം നില്‍ക്കുമെന്ന അങ്കലാപ്പിലാണിപ്പോള്‍ ബി.ജെ.പി നേതൃത്വം. അതിനെ മറികടക്കാനും തകര്‍ക്കാനുമുള്ള നിഗൂഢ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ട് വേണം കേസുകള്‍ പിന്‍വലിക്കാനായി നടത്തുന്ന തിടുക്കത്തെ കാണാന്‍.
ജുഡീഷ്യറിയെ പൂര്‍ണമായും വരുതിയിലാക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന ആശ്വാസമാണിപ്പോള്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ഈ കേസിലും പ്രത്യാശ നല്‍കുന്നത്. ഗോരക്ഷയുടെ പേരില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ ജാര്‍ഖണ്ഡില്‍ അലിമുദീന്‍ എന്ന 55കാരനെ ബോധപൂര്‍വം വളഞ്ഞിട്ട് തല്ലിക്കൊന്നതിന് റാഞ്ചി അതിവേഗ കോടതി ജഡ്ജി ഓംപ്രകാശ് 11 സംഘ്പരിവാര്‍ കൊലപാതകികള്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. അന്ധകാര നിബിഡമായ ഇന്നത്തെ ഇന്ത്യയില്‍ നീതിയുടെയും നിയമത്തിന്റെയും വെളിച്ചങ്ങള്‍ പൂര്‍ണമായും അണഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു കോടതിവിധി. ഭരണകൂട പിന്തുണയോടെ നടന്ന ഈ കൊലപാതകത്തിന് ശരിയായ ശിക്ഷയാണ് കോടതി നല്‍കിയത്. അതേപോലെ 63 പേരുടെ കൊലക്ക് നേതൃത്വം നല്‍കിയ യു.പിയിലെ സംഘ്പരിവാര്‍ കൊലപാതകികളെ നിയമത്തിന്റെ കുരുക്കില്‍ നിന്ന് ഊരിക്കൊണ്ടുവരാന്‍ യു.പി ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തുന്ന കുത്സിത ശ്രമങ്ങളെ ഉന്നത നീതിപീഠം ഇടപെട്ട് പരാജയപ്പെടുത്തുമെന്ന് തന്നെയാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മതേതര ജനാധിപത്യ വിശ്വാസികള്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."