സംസം കിണര്‍ നവീകരണം അവസാന ഘട്ടത്തിലേക്ക്: മത്വാഫ് ചൊവ്വാഴ്ച്ച പൂര്‍ണമായും തുറക്കും
മക്ക: വിശുദ്ധ ഹറമിലെ സംസം നവീകരണം അവസാന മിനുക്കു പണിയില്‍. പ്രതീക്ഷിച്ചതിലും വളരെ നേരത്തെ തന്നെ പണി പൂര്‍ത്തിയായതിനാല്‍ ചൊവ്വാഴ്ച്ച മുതല്‍ വിശുദ്ധ കഅ്ബയുടെ മുറ്റത്തേക്ക് ത്വവാഫിനായുള്ള നിയന്ത്രണം പൂര്‍ണമായും എടുത്തുമാറ്റും.
നേരത്തെയുള്ള പ്ലാനിങ് പ്രകാരം റംസാനിനു തൊട്ടു മുന്‍പായി സംസം നവീകരണം പൂര്‍ത്തീകരിക്കണമെന്നാണ് പദ്ധതിയിട്ടെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് റജബ് പത്തിന് മുന്‍പ് തന്നെ മത്വാഫ് തുറന്നു കൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതോടെ വിശ്വാസികള്‍ക്ക് പഴയതു പോലെ ആശ്വാസമായി ത്വവാഫ് പൂര്‍ത്തിയാക്കാന്‍ കഴിയും.
ആറുമാസം മുന്‍പാണ് സംസം പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. മത്വാഫില്‍ മുവ്വായിരത്തോളം ചതുരശ്ര മീറ്റര്‍ ഉള്‍പ്പെടുന്ന സ്ഥലത്തായിരുന്നു പണിയെന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ മത്വാഫ് പൂര്‍ണമായും അടയ്ക്കുകയും ഉംറ തീര്‍ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
തീര്‍ഥാടകരുടെ സുരക്ഷ മുന്‍ നിര്‍ത്തിയായിരുന്നു നടപടി. സംസം കിണര്‍ നവീകരണത്തിനായി മത്വാഫിലെ 2231 ചതുരശ്ര മീറ്റര്‍ മാര്‍ബിള്‍ നീക്കം ചെയ്തിരുന്നു. ക്രയിനുകളും ബുള്‍ഡോസറുകളുമടക്കം 39 യന്ത്രങ്ങളും 781 തൊഴിലാളികളുടെയും സദാ സമയമുള്ള പ്രവര്‍ത്തനമാണ് ഇത്രയും വേഗത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.
മക്ക മേഖല ഗവര്‍ണറേറ്റ്, ഇരുഹറം കാര്യാലയം, ധനകാര്യം എന്നീ വകുപ്പുകളാണ് പദ്ധതിക്കു മേല്‍നോട്ടം വഹിക്കുന്നത്. പദ്ധതികളില്‍ ഒന്ന് മത്വാഫിന്റെ കിഴക്ക് ഭാഗത്ത് എട്ടു മീറ്റര്‍ നീളവും 120 മീറ്റര്‍ നീളത്തിലുമുള്ള അഞ്ചു സര്‍വ്വീസ് ടണലുകള്‍ നിര്‍മിക്കലായിരുന്നു.
പഴയ ഹറമിന്റെ കോണ്‍ക്രീറ്റ് കമാനത്തിന്റെ ഇരുമ്പിന്റെയും അവശിഷ്ടങ്ങളില്‍ നിന്നും സംസം കിണറിനു ചുറ്റും അണുവിമുക്തമാക്കലായിരുന്നു അടുത്ത ഘട്ടം. സംസം കിണറിന്റെ ഉറവിടങ്ങളില്‍ ഹാനികരമായ പദാര്‍ത്ഥങ്ങളുടെ അനുപാതം സാധ്യമായത്ര കുറക്കുകയും അണുവിമുക്തമായ ചെറുകല്ലുകള്‍ പ്രദേശത്ത് നിറക്കുകയുമാണ് ചെയ്തത്. ഇത് സംസം കിണറിലേക്കുള്ള ജലപ്രവാഹം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."