ഹാഷ് ഫ്യൂച്ചര്‍: സാങ്കേതിക വിസ്മയങ്ങളുമായി പ്രദര്‍ശനത്തില്‍ മലയാളി സ്റ്റാര്‍ട്ടപ്പുകള്‍
കൊച്ചി: കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടി ഹാഷ് ഫ്യൂച്ചര്‍ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ പുരോഗതി യാഥാര്‍ഥ്യമാക്കാന്‍ പിന്തുണയുമായി ഒട്ടേറെ സാങ്കേതിക വിസ്മയങ്ങള്‍ അവതരിപ്പിച്ച് മലയാളി സ്റ്റാര്‍ട്ടപ്പുകള്‍. ഹാഷ് ഫ്യൂച്ചര്‍ വേദിയായ ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഡിജിറ്റല്‍ പ്രദര്‍ശനവേദിയിലാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്റെയും കൊച്ചി മേക്കര്‍ വില്ലേജിന്റെയും കീഴിലുളള സ്റ്റാര്‍ട്ടപ്പുകള്‍ സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്നത്. കൊച്ചി സ്മാര്‍ട്ട് സിറ്റിയും കേരള സ്റ്റാര്‍ട്ടപ് മിഷനും ചേര്‍ന്നാണ് ഹാഷ് ഫ്യൂച്ചര്‍ വേദിയില്‍ നൂതന ഡിജിറ്റല്‍ അനുഭവം സമ്മാനിക്കുന്ന പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്.
മനുഷ്യസഹായവും കറന്‍സി ഇടപാടുകളുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വയംനിയന്ത്രിത സൂപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിക്കുകയാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന വാട്ട്അസെയ്ല്‍ എന്ന സ്റ്റാര്‍ട്ടപ്പ്. ക്യൂആര്‍ കോഡ് വഴിയാകും പ്രവേശനം. വര്‍ഷം മുഴുവനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധാരണ സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്ന എല്ലാ സാധനങ്ങളും ലഭ്യമാകും. ഉടന്‍ കേരളത്തില്‍ ഇത് അവതരിപ്പിക്കുമെന്നും സ്ഥാപകര്‍ പറഞ്ഞു.
2013ല്‍ വിപണിയിലറങ്ങിയ ശാസ്ത്ര എന്ന സ്റ്റാര്‍ട്ടപ്പ് മൊബൈല്‍ ടച് സ്‌ക്രീനുകളും കാര്‍ ഇന്‍ഫൊടെയ്ന്‍മെന്റും ഏവിയേഷന്‍ പാനലുകളും പരിശോധിച്ച് ഉറപ്പുവരുത്താനുള്ള റോബോട്ടിക് സംവിധാനമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബഹുരാഷ്ട്രകമ്പനിയായ ബോഷ് ഉള്‍പ്പെടെയുള്ളവര്‍ ശാസ്ത്രയുടെ ഉപയോക്താക്കളാണ്. ശ്രീകൃഷ്ണപുരം എന്‍ജിനീയറിങ് കോളജ് പൂര്‍വവിദ്യാര്‍ഥികളുടെ മൂന്നംഗ സംഘമാണ് ശാസ്ത്ര സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍.
സിനിമ തിയറ്ററുകളും മാളുകളുമായി സഹകരിച്ച് വിശേഷാവസരങ്ങളില്‍ ആശംസകള്‍ കൊണ്ട് പ്രിയപ്പെട്ടവരെ വിസ്മയിപ്പിക്കാന്‍ അവസരമൊരുക്കുന്ന സംവിധാനമാണ് ഹാഷ്ഹുഷ് സ്റ്റാര്‍ട്ടപ്പ് അവതരിപ്പിക്കുന്നത്. സിനിമയ്ക്കിടെ തിയറ്ററിലെ ബിഗ് സ്‌ക്രീനില്‍ പ്രിയപ്പെട്ടവര്‍ക്കായുള്ള ആശംസ ഫോട്ടോയ്‌ക്കൊപ്പം തെളിയുകയും കേക്ക് ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത സമ്മാനക്കിറ്റ് ലഭിക്കുകയും ചെയ്യും.
ഹോസ്പിറ്റാലിറ്റി, ബാങ്കിങ് മേഖലകളില്‍ വ്യക്തികള്‍ക്ക് സേവനം നല്‍കാന്‍ കഴിയുന്ന ഹിറോ എന്ന റോബോട്ട് ആണ് റോബോഇന്‍വെന്‍ഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് അവതരിപ്പിക്കുന്നത്. ഹോട്ടല്‍ ലോബികളില്‍ ചായയും വെള്ളവുമെല്ലാം റോബോട്ടിന്റെ കൈയില്‍നിന്നു കിട്ടും. ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ ചികിത്സ സ്വീകരിക്കാന്‍ സഹായിക്കുന്ന ക്വിക് ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ടപ്പും പ്രദര്‍ശനത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."