ചരിത്രത്തിലേക്ക് പന്തുതട്ടിയ 'ബ്ലാക്ക് പാന്തേഴ്‌സ് '
സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഇന്ത്യന്‍ കാല്‍പന്തുകളിയെ പുതിയ മായക്കാഴ്ചകളിലേക്കാണ് കൊണ്ടു പോയത്. കറന്‍സിയും പ്രൊഫഷനലിസവും കച്ചവടവും കൈകോര്‍ക്കുന്ന പുതിയ ഫുട്‌ബോള്‍ സംസ്‌കാരം.
ഐ.എസ്.എല്ലിന്റെ കരുത്തില്‍ നമ്മുടെ ഫുട്‌ബോള്‍ ഉയരങ്ങളിലേക്ക് പ്രതീക്ഷകളോടെ മുന്നേറുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തോടൊപ്പം പന്തുതട്ടിയ ബ്ലാക്ക് പാന്തേഴ്‌സ് എന്ന മുഹമ്മദന്‍ സ്‌പോര്‍ടിങ് ക്ലബ് ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. അടച്ചുപൂട്ടലിന്റെ വക്കത്ത് നിന്ന് കാല്‍പന്തുകളി ആരവങ്ങളിലേക്ക് മുഹമ്മദന്‍ മടങ്ങിയെത്തിയിരിക്കുന്നു. 127 വര്‍ഷത്തെ പാരമ്പര്യമുള്ള ബ്ലാക്ക് പാന്തേഴ്‌സ് ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കാലുറപ്പിച്ച് നിര്‍ത്താന്‍ പൊരുതുകയാണ്.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായിരുന്ന മുഹമ്മദന്‍ മൂന്ന് വര്‍ഷം മുന്‍പ് കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് പിരിച്ചു വിടലിന്റെ വക്കിലായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ വര്‍ത്തമാന കാലത്ത് കോടികള്‍ കൊണ്ടമ്മാനമാടുമ്പോള്‍ രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയെക്കാള്‍ പ്രായവും ചരിത്രവും പാരമ്പര്യവുമുള്ള കറുപ്പിലും വെളുപ്പിലും തിളങ്ങി നിന്ന മുഹമ്മദന്‍ സുമനസുകളുടെ സഹായത്താലാണ് പിടിച്ചു നില്‍ക്കുന്നത്.
താരങ്ങള്‍ക്കും പരിശീലകര്‍ക്കും വേതനം നല്‍കാനാകാതെ പരിശീലനം നിലച്ചതോടെ പുല്ലു മൂടിയ കളിക്കളം. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ക്ലബ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാനാകാതെ മുഹമ്മദന്‍ പിരിച്ചുവിടലിന്റെ വക്കിലായിരുന്നു നാല് വര്‍ഷം മുന്‍പ്. ഇന്ന് പഴയ സ്ഥിതി ഓട്ടൊക്കെ മാറിക്കഴിഞ്ഞു. ഐ ലീഗില്‍ രണ്ടാം ഡിവിഷനിലാണ് സ്ഥാനം. സി ഗ്രൂപ്പില്‍ പ്രാഥമിക ഘട്ടത്തില്‍ പോരാടുന്നു. രണ്ട് മത്സരങ്ങളില്‍ വിജയവുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാര്‍.
വിദേശ താരങ്ങള്‍ ഉള്‍പ്പടെ പുതിയ താരനിര. മുന്‍ ഇന്ത്യന്‍ താരം ബിശ്വജിത് ഭട്ടാചാര്യ പരിശീലിപ്പിക്കുന്ന ടീമില്‍ ഐ.എസ്.എല്ലിന്റെ ആദ്യ സീസണില്‍ കൊല്‍ക്കത്തയുടെയും പിന്നീട് ചെന്നൈയിന്‍ എഫ്.സിയുടെയും താരമായിരുന്ന ഫിക്രു ഇപ്പോള്‍ മുഹമ്മദന്റെ ജഴ്‌സിയില്‍ കളത്തിലുണ്ട്. പ്രതാപ വഴിയിലേക്കുള്ള തിരിച്ചു വരവിലാണ് ബ്ലാക്ക് പാന്തേഴ്‌സ്.
ചരിത്ര വഴികള്‍
1891 ല്‍ ആണ് മുഹമ്മദന്‍ സ്‌പോര്‍ടിങ് ക്ലബിന്റെ ഉദയം. രാജ്യത്തിന്റെ എല്ലായിടത്തും കാല്‍പന്തുകളിയെ നെഞ്ചേറ്റിയവര്‍ മുഹമ്മദനെയും ഇഷ്ടപ്പെട്ടു. മോഹന്‍ ബഗാന്‍ അത്‌ലറ്റിക് ക്ലബ് രൂപീകരിക്കും മുന്‍പ് കൊല്‍ക്കത്തയിലെ മുസ്‌ലിം സമുദായമായിരുന്നു ക്ലബിന് തുടക്കം കുറിച്ചത്. നവാബ് അമീനുല്‍ ഇസ്‌ലാമിന്റെ നേതൃത്വത്തില്‍ ജൂബിലി ക്ലബ് എന്ന പേരിലായിരുന്നു 1887 ലെ ക്ലബിന്റെ തുടക്കം. പിന്നീട് 'ക്രസന്റ് ക്ലബ് ', 'ഹമീദിയ ക്ലബ് 'എന്നിങ്ങനെ മാറി. ഒടുവില്‍ 1891 ലായിരുന്നു ഹമീദിയ ക്ലബ് മുഹമ്മദന്‍ സ്‌പോടിങ് ക്ലബ് ആയി മാറിയത്.
കിരീട നേട്ടങ്ങള്‍
ഇന്ത്യന്‍ കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ സ്വന്തം പേര് വിജയ ലിപികളില്‍ കൊത്തിവച്ചവര്‍. 1960ല്‍ ധാക്കയില്‍ നടന്ന ആഘാ ഖാന്‍ ഗോള്‍ഡ് കപ്പ് നേടിയ മുഹമ്മദന്‍സ് വിദേശത്ത് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബായി. 1934ല്‍ ആദ്യ കല്‍ക്കത്ത ലീഗ് കിരീടം ചൂടി. തുടര്‍ച്ചയായി അഞ്ച് തവണ ലീഗ് കിരീടം, ഐ.എഫ്.എ ഷീല്‍ഡില്‍ അഞ്ച് വട്ടം ജേതാക്കള്‍, ആറ് തവണ റോവേഴ്‌സ് കപ്പ്, ഡി.സി.എം ട്രോഫി നാല് വട്ടം. ഫെഡറേഷന്‍ കപ്പും ഡ്യൂറന്‍ഡ് കപ്പും രണ്ട് തവണ മുഹമ്മദന്‍സിന്റെ ഷോക്കേസിലെത്തി.
കേരളവും മുഹമ്മദനും തമ്മില്‍ അഭേദ്യമായ ബന്ധമായിരുന്നു ഒരുകാലത്ത്. കൊല്‍ക്കത്തയുടെ ഫുട്‌ബോള്‍ പെരുമ കേരളത്തില്‍ ആഘോഷിക്കപ്പെട്ടത് മുഹമ്മദനിലൂടെയായിരുന്നു. മലബാറിലെ കാല്‍പന്തുകളി പ്രേമികള്‍ക്ക് മുഹമ്മദന്‍സിനോട് പ്രത്യേക സ്‌നേഹവും വാത്സല്യവുമായിരുന്നു.
തലപ്പൊക്കത്തില്‍ മലയാളിപ്പെരുമയും
ബ്ലാക്ക് പാന്തേഴ്‌സിലെ മലയാളി പെരുമയ്ക്ക് ക്ലബിനോളം തലപ്പൊക്കമുണ്ട്. ഒളിംപ്യന്‍ റഹ്മാന്‍ മുഹമ്മദന്‍സിന്റെ പരിശീലകനായി. എന്‍.ടി കരുണാകരന്റെ മാഹാത്മ്യം കാലത്തിനൊപ്പം സഞ്ചരിച്ചു. മലയാളി സാന്നിധ്യം സ്ഥിരമായി. പാലക്കാട് മൂസ, സെയ്ത് മുഹമ്മദ്, മുഹമ്മദ് കോയ, എന്‍.എം നജീബ്, മൊയ്തീന്‍, പ്രേംനാഥ് ഫിലിപ്പ്, അസീസ്, ദിനകര്‍ പ്രേമപ്പ, യു മുഹമ്മദ്, കെ.വി ധനേഷ്, നൗഷാദ്, ജസ്റ്റിന്‍ സ്റ്റീഫന്‍, മുഹമ്മദ് മുനീര്‍, ഡെന്‍സന്‍ ദേവദാസ്, ഷൈജു, ഷമീല്‍, ധനരാജന്‍... മലയാളി പെരുമ അങ്ങനെ നീണ്ടു പോകുന്നു.
ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട ചരിത്രത്തില്‍ അസ്ഥിരത മുഹമ്മദനെ എന്നും പിന്തുടര്‍ന്നിട്ടുണ്ട്. അവിടെ നിന്നെല്ലാം ഫീനിക്‌സ് പക്ഷിയെ പോലെ മുഹമ്മദന്‍ പറന്നുയര്‍ന്നു. താരങ്ങളും കൂട്ടായ്മയും സൗഹൃദവും ക്ലബിന്റെ രക്ഷകരായി. പ്രതിഫലം മോഹിക്കാതെ കളിച്ച താരങ്ങളെ പ്രതിസന്ധി കാലത്ത് ഊട്ടിയത് കിരീട നേട്ടങ്ങളിലൂടെ കൈവന്ന സമ്മാന തുകകളായിരുന്നു.
കളിയും നടത്തിപ്പും പണത്തെ മാത്രം ആശ്രയിച്ചുള്ള കാലത്തേക്ക് കടന്നതോടെയാണ് മുഹമ്മദന് വീണ്ടും കാലിടറിയത്. സ്‌പോണ്‍സര്‍ഷിപ്പിനായി മുട്ടിയ വാതിലുകള്‍ തുറക്കപ്പെട്ടില്ല. മദ്യ കമ്പനികള്‍ അനുകൂല നിലപാടിലേക്ക് വന്നെങ്കിലും ക്ലബ് സഹായം സ്വീകരിക്കാന്‍ തയ്യാറായില്ല. കൈസന്‍ ഐ.ടി കമ്പനി ഉള്‍പ്പടെ സമാന മനസ്‌കരുടെ സഹായത്താലാണ് മുഹമ്മദന്‍സ് തിരിച്ചുവരവിന്റെ പാതയില്‍ പന്തുതട്ടുന്നത്. അമീറുദ്ദീന്‍ ബോബിയാണ് ഇപ്പോള്‍ ക്ലബ് പ്രസിഡന്റ്. ഗസല്‍ അസ് സഫര്‍ ജനറല്‍ സെക്രട്ടറിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."