വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ഇന്ന് ഓശാന ഞായര്‍
തിരുവനന്തപുരം: ക്രൈസ്തവരുടെ വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ചു ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കും. യേശു കഴുതക്കുട്ടിയുടെ പുറത്തുകയറി ജറൂസലമിലേക്ക് പ്രവേശിച്ചപ്പോള്‍ ആളുകള്‍ ഒലീവ് കൊമ്പുകളേന്തിയും വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും രാജകീയ സ്വീകരണം നല്‍കിയതിനെ അനുസ്മരിച്ചാണ് ഓശാന പെരുന്നാള്‍ ആചരിക്കുന്നത്. ഇതോടെ കുരിശുമരണത്തിന് മുന്‍പായുള്ള യേശുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മപുതുക്കുന്ന പീഡാനുഭവ വാരാചരണ ശുശ്രൂഷകള്‍ക്കും തുടക്കമാകും. യേശു ദേവന്റെ പീഡാസഹനം, കുരിശ് മരണം, ഉയിര്‍പ്പ് എന്നിവ അനുസ്മരിക്കും ഈ ദിനങ്ങളില്‍ വിശ്വാസി സമൂഹം.
എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ഇന്ന് രാവിലെ കുരുത്തോല വെഞ്ചരിപ്പും വിതരണവും നടക്കും. ഇനിയുള്ള ഒരാഴ്ച ചര്‍ച്ചുകളില്‍ ആഴ്ചയുടെ വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി പ്രത്യേക കര്‍മങ്ങളും ഉണ്ടാകും
അന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന വലിയ നോമ്പിന്റെ പ്രധാന ചടങ്ങുകളാണ് ഓശാനമുതല്‍ ഈസ്റ്റര്‍ വരെ നടക്കുക. അവസാന അത്താഴ ഓര്‍മപുതുക്കുന്ന പെസഹാ വ്യാഴവും കുരിശുമരണത്തിന്റെ ഓര്‍മപുതുക്കി ദുഃഖവെള്ളിയും ആചരിക്കും. ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉദ്ഘോഷിച്ചുകൊണ്ട് ഞായറാഴ്ച ഈസ്റ്റര്‍ ആഘോഷിക്കുന്നതോടെയാണ് വലിയ നോമ്പ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."