മധു: അധികാരികളുടെ പങ്കും അന്വേഷിക്കണമെന്ന്
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടസംഭവത്തില്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ ഇടപെടലിനെക്കുറിച്ച് പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും മധുവിന്റെ അമ്മയും സഹോദരിമാരെയും സന്ദര്‍ശിച്ച ശേഷം എന്‍.സി.എച്ച്.ആര്‍.ഒ സംഘം ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ സ്ഥിരം കുറ്റവാളികളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് മധുവിനെ ബലിയാടാക്കിയതെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരിമാരായ ചന്ദ്രികയും സരസുവും സംഘത്തോട് വ്യക്തമാക്കി. മധുവിന് മാവോയിസ്റ്റുകളുമായി ബന്ധമുള്ളതായും അവര്‍ക്കു വേണ്ടിയാണ് അരിയും സാധനങ്ങളും മോഷ്ടിക്കുന്നതെന്നുമുള്ള നുണക്കഥകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. വനം ഉദ്യോഗസ്ഥരും പോലിസും ഉണ്ടാക്കിയ തിരക്കഥയാണ് ഇതിനു പിന്നില്‍.
പ്രാക്തന ഗോത്ര വിഭാഗത്തില്‍ പെട്ട മധു പ്രകൃതി സൗഹാര്‍ദപരമായാണ് ജീവിച്ചത്. കാട്ടില്‍ മരങ്ങള്‍ക്കു മുകളിലും ഗുഹകളിലുമായിരുന്നു താമസം. എന്നിട്ടും മുക്കാലിയിലും പരിസര പ്രദേശങ്ങളിലും നടന്നതായി പറയപ്പെടുന്ന മോഷണക്കേസുകളില്‍ പലതിലും മധു പ്രതിയാണ്. കാടിനു തീയിടുന്നതും മധുവാണെന്ന് വനം ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. എന്നാല്‍, മധു കൊല്ലപ്പെട്ട അന്നേദിവസവും കാട് കത്തിയിരുന്നു. ഇതോടെ വനംവകുപ്പിന്റെ ആരോപണം കള്ളമാണെന്ന് തെളിഞ്ഞു.
മുക്കാലിയിലെ സ്ഥിരം ഗുണ്ടകളും എന്തിനും ഏതിലും ചാടിവീണ് പ്രശ്‌നങ്ങളുണ്ടാക്കുന്നവരും സ്ഥിരമായി അടിപിടി നടത്തുന്നവരുമാണ് ഇതില്‍ പ്രതികളായിട്ടുള്ളവരില്‍ മറ്റു ചിലരെന്നും തെളിഞ്ഞിട്ടുണ്ട്. മധുവിന് മേല്‍ മോഷണക്കുറ്റം ആരോപിച്ച് പോലിസിന് കൈമാറിയപ്പോള്‍ തൊണ്ടിമുതല്‍ ഹാജരാക്കുന്നതിന് പ്രതികളായ ചിലരുടെ കടയില്‍ നിന്നും പോലിസ് വില കൊടുത്ത് സാധനങ്ങള്‍ വാങ്ങിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. മറ്റാരുടെയോ സൈ്വരവിഹാരത്തിന് തടസ്സമായതു കൊണ്ടാകാം മധുവിനെ പിടികൂടാന്‍ ആള്‍ക്കൂട്ടം ഉല്‍സാഹിച്ചതെന്നും സംശയമുണ്ട്. റിസര്‍വ് വനത്തിലേക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ ആള്‍ക്കൂട്ടത്തെ കയറ്റിവിട്ടതിനു പിന്നില്‍ ഗൂഢാലോചനയും ദുരൂഹതയുമുണ്ട്. അതുകൊണ്ട് ഒരു സ്‌പെഷ്യല്‍ ടീം ഇതു സംബന്ധിച്ചുള്ള അന്വേഷണം നടത്തി ഇതിലെ ദുരൂഹതകള്‍ നീക്കണമെന്ന് എന്‍.സി.എച്ച്.ആര്‍,ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദും ആവശ്യപ്പെട്ടു.
1985 മുതല്‍ 2018 വരെ ഇവിടെ തുടരെത്തുടരെ പെട്ടെന്ന് ആദിവാസികള്‍ മരിക്കുന്നതിനു പിന്നിലെ കാരണം പഠനവിധേയമാക്കിയപ്പോള്‍ ഭൂമിയുമായി ബന്ധപ്പെട്ട കൊലപാതകങ്ങളാണ് അട്ടപ്പാടിയില്‍ അധികവും നടന്നിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഒരേക്ര ഭൂമിയുള്ള ഒരു കര്‍ഷകന്‍ പോലും സാധാരണ സാമാന്യം ഭേദപ്പെട്ട ജീവിതം നയിക്കുമ്പോള്‍ എട്ടും പത്തും ഏക്കര്‍ ഭൂമിയുള്ള ആദിവാസികള്‍ കമ്മ്യൂണിറ്റിക്കിച്ചനു മുമ്പില്‍ ക്യൂ നിന്ന് ഭക്ഷണമിരക്കുന്ന ഗതികെട്ട അവസ്ഥയാണ് ആദിവാസികള്‍ക്ക്. ആദിവാസികളെയും കുടിയേറ്റക്കാരെയും പരസ്പരം ശത്രുക്കളാക്കി മുതലെടുക്കുന്ന എന്‍.ജി.ഒ പ്രവര്‍ത്തനം അട്ടപ്പാടിയില്‍ ഒരു വന്‍ വിപത്തായി മാറിയിട്ടുണ്ട്.അട്ടപ്പാടിയില്‍ ഭൗതിക സാഹചര്യങ്ങളില്‍ വന്നിട്ടുള്ള താളപ്പിഴകളില്‍ മനംനൊന്ത് മധുവടക്കം മാനസികനില തകരാറിലായവരുടെ എണ്ണം ഏകദേശം 500 പേരുണ്ട്. ഇതില്‍ കൃത്യമായും 50നും 75നും ഇടയിലുള്ള അംഗസംഖ്യയാണ് ആരോഗ്യ മാനസിക ചികില്‍സയ്ക്ക് വിധേയരാകുന്നതെന്ന് ട്രൈബല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സൂപ്രണ്ട് ഡോ. പ്രഭുദാസ് എന്‍സിഎച്ച്ആര്‍ഒ സംഘത്തോട് വ്യക്തമാക്കിയിരുന്നു.മനുഷ്യാവകാശ ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍ കുട്ടി, ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദ്, സെക്രട്ടറി എ എം ഷാനവാസ്, സംസ്ഥാന സമിതിയംഗം കെ കാര്‍ത്തികേയന്‍ എന്നിവരാണ് അട്ടപ്പാടി സന്ദര്‍ശിച്ചത്. മുക്കാലിയിലും മധുവിന്റെ കടുകമണ്ണ ഊരിലും വസ്തുതാന്വേഷണം നടത്തിയാണ് സംഘം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."