വാഹനപരിശോധനയ്ക്കിടെ അപകടമരണം: എസ്.ഐയ്ക്ക് സസ്പെന്ഷന്
ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിക്കാനിടയായ സംഭവത്തില്‍ കഞ്ഞിക്കുഴി എസ്.ഐക്ക് സസ്പെന്ഷന്. എസ്.ഐ എസ് സോമനെയാണ് സസ്പെന്റ് ചെയ്തത്. രണ്ട് സിവില്‍ പൊലിസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ചേര്‍ത്തല എസ് എന്‍ കോളജിന് മുന്നില്‍ കഴിഞ്ഞ 11ാം തിയ്യതിയാണ് സംഭവം നടന്നത്. പരിശോധന നടത്തുകയായിരുന്ന പൊലിസ് നിര്‍ത്താതെ പോയ ബൈക്കുകാരനെ പിടിക്കാന്‍ ജീപ്പ് കുറുകെയിട്ട് നിര്‍ത്തുവാന്‍ ശ്രമിച്ചു. ഇതിനിടെ ബന്ധുവിന്റെ കുട്ടിയെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷേബുവും കുടുംബവും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന് ബിച്ചു (24) സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ബിച്ചു ഓടിച്ച ബൈക്കാണ് ഷേബുവും കുടുംബം സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്.
അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് 12ാം വാര്‍ഡില്‍ കൂത്തക്കര വീട്ടില്‍ ഷേബുവിന്റെ ഭാര്യ സുമി (35)യും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. സുമിയുടെ സംസ്ക്കാരം വീട്ടുവളപ്പില്‍ നടത്തി.
ചെത്ത് തൊഴിലാളിയായ ഷേബു നട്ടെല്ല് തകര്‍ന്ന് ഇടതു കയ്യും കാലും ഒടിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. മക്കളായ ഹര്‍ഷയും ശ്രീലക്ഷ്മിയും അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."