വിവര ചോര്‍ച്ച: 'പരസ്യ' മാപ്പുമായി ഫേസ്ബുക്ക്
ലണ്ടന്‍: കേംബ്രിജ് അനലിറ്റിക്ക വിവാദത്തെ തുടര്‍ന്ന് കമ്പനിയുടെ ജനപ്രീതിയിലുണ്ടായ ഇടിവ് പരിഹരിക്കാന്‍ 'പരസ്യ'തന്ത്രവുമായി ഫേസ്ബുക്ക്. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ മിക്ക മുഖ്യധാരാ പത്രങ്ങളിലും മുഴുപേജ് പരസ്യമാണ് ഫേസ്ബുക്കിന്റേതായി പ്രസിദ്ധീകരിച്ചത്. ഉപഭോക്താക്കളുടെ സ്വകാര്യതയും രഹസ്യവിവരങ്ങളും ചോര്‍ന്ന സംഭവത്തില്‍ മാപ്പുചോദിച്ചായിരുന്നു പരസ്യം.
'ഇത് വിശ്വാസവഞ്ചനയാണ്. ഞാന്‍ മാപ്പ് ചോദിക്കുന്നു' എന്നുള്ള ഫേസ്ബുക്ക് സി.ഇ.ഒ സുക്കര്‍ബര്‍ഗിന്റെ മാപ്പപേക്ഷയാണ് പരസ്യത്തിലുണ്ടായിരുന്നത്. രാജ്യത്തെ മ ുഖ്യധാരാ പത്രങ്ങളുടെ ഞായര്‍പതിപ്പുകളായ സണ്‍ഡേ ടെലഗ്രാഫ്, സണ്‍ഡേ ടൈംസ്, മെയ്ല്‍ ഓണ്‍ സണ്‍ഡേ, ഒബ്‌സര്‍വര്‍, സണ്‍ഡേ മിറര്‍, സണ്‍ഡേ എക്‌സ്പ്രസ് എന്നിവയുടെയെല്ലാം അവസാന പേജിലാണ് പരസ്യം നല്‍കിയത്. അമേരിക്കയില്‍ ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍ എന്നിവയിലും പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവാദത്തെ തുടര്‍ന്ന് ഈ ആഴ്ചയില്‍ ഫേസ്ബുക്കിന്റെ ഓഹരിമൂല്യത്തില്‍ 58 ബില്യന്‍ ഡോളറിന്റെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച 176.80 ഡോളര്‍ ഓഹരിവിലയുണ്ടായിരുന്നത് വെള്ളിയാഴ്ച രാത്രി 159.30 ഡോളറായി ഇടിഞ്ഞിട്ടുണ്ട്. അമേരിക്കയിലടക്കം 50 മില്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവമാണ് ഫേസ്ബുക്കിനു കനത്ത തിരിച്ചടിയായത്. സംഭവത്തില്‍ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പുചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."