മലബാറിന്റെ സ്വപ്‌നങ്ങള്‍ക്ക് കരിപ്പൂരില്‍ ആകാശച്ചിറകേറിയിട്ട് മുന്ന് പതിറ്റാണ്ട്
കൊണ്ടോട്ടി: മലബാറിന്റെ വികസന കുതിപ്പിന് ആകാശച്ചിറകേറിയ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങിയിട്ട് മുപ്പത് വര്‍ഷം. 1988 മാര്‍ച്ച് 23നാണ് കരിപ്പൂര്‍ റണ്‍വേയില്‍ പരീക്ഷണപ്പറക്കലിന് മുംബൈയില്‍ നിന്നുള്ളവിമാനമെത്തിയത്. പിന്നീട് ഏപ്രില്‍ 13ന് വിഷുത്തലേന്നാണ് കരിപ്പൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.
മലബാറില്‍ ഒരുവിമാനത്താവളം എന്ന ആശയവുമായി കെ.പി. കേശവമേനോന്റെ നേതൃത്വത്തില്‍ 1978ല്‍ നടന്ന വാഹന പ്രചരണ ജാഥയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിന് തുടക്കമാവുന്നത്. പിന്നീട് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പുരുഷോത്തമ ലാല്‍കൗഷിക് അനുമതി നല്‍കി. പദ്ധതി നീണ്ടതോടെ വീണ്ടും പ്രതിഷേധം. തുടര്‍ന്ന് 1982-ല്‍ വ്യോമയാന മന്ത്രി എ.പി. ശര്‍മ്മ കരിപ്പൂരിന് തറക്കല്ലിട്ടു. പിന്നീട് റണ്‍വേ നിര്‍മാണം തുടങ്ങി ആറ് വര്‍ഷത്തിന് ശേഷമാണ് വിമാനങ്ങള്‍ വന്നിറങ്ങിയത്. മുംബൈയിലേക്കുള്ള ഇടത്താവളമായി നിര്‍മിച്ച കരിപ്പൂരില്‍ നിന്ന് 1992 മുതല്‍ ഷാര്‍ജ സര്‍വിസ് തുടങ്ങി.
റണ്‍വേ വികസനം 1996ല്‍ ആരംഭിച്ച് 2001ല്‍ പൂര്‍ത്തീകരിച്ച് ജിദ്ദയിലേക്കും ഹജ്ജ് സര്‍വിസും തുടങ്ങി. രാത്രികാല സര്‍വിസിന് 2004ല്‍ അനുമതിയായ കരിപ്പൂരില്‍ 2006ല്‍ അന്താരാഷ്ട്ര വിമാനത്താവളമാക്കിയതോടെ വിദേശ വിമാനസര്‍വിസുകള്‍ തുടങ്ങി മുപ്പത് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളം നിലനില്‍പ്പിനായുള്ള പോരാട്ടത്തിലിണിപ്പോഴുമുള്ളത്. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്ന വിമാനത്താവളമായിട്ടും കരിപ്പൂരിന്റെ ചിറകരിയുന്ന പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
പ്രവാസികളുടെ വിയര്‍പ്പു കൊണ്ട് പണിത കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ്, ഹജ്ജ് സര്‍വിസ് തുടങ്ങിയവ പൂര്‍ണമായും പിന്‍വലിച്ചിരിക്കുകയാണ്. 2015ല്‍ റണ്‍വേ ബലപ്പെടുത്തുന്നതിനായാണ് വലിയ വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തിയത്. ഇത് പൂര്‍ത്തീകരിച്ച് ഒരുവര്‍ഷമായിട്ടും പിന്‍വലിച്ച സര്‍വിസുകള്‍ പുനരാരംഭിക്കാനായിട്ടില്ല.
120 കോടി ചെലവില്‍ ടെര്‍മിനല്‍ വികസനം പൂര്‍ത്തിയാവുന്ന കരിപ്പൂരില്‍ ഹജ്ജ് സര്‍വിസ് അടക്കം പുനരാരംഭിക്കാനുള്ള സമര പോരാട്ടത്തിലാണ് സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."