ശ്യാമപ്രസാദ് വധം: എസ്.ഡി.പി.ഐ പ്രവര്ത്തകന് അറസ്റ്റില്‍
പേരാവൂര്‍: ആര്.എസ്.എസ് പ്രാദേശിക നേതാവ് ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്ത്തകന് കൂടി അറസ്റ്റില്‍. അഞ്ചാം പ്രതിയായ നീര്‍വേലിയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ ഹസീന മന്‍സിലില്‍ എം.എന്‍ ഫൈസലി(24) നെയാണ് പേരാവൂര്‍ സി.ഐ. എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 19നായിരുന്നു കണ്ണവം സ്വദേശിയും കാക്കയങ്ങാട് ഐ.ടി.ഐ വിദ്യാര്‍ഥിയുമായ ശ്യാമപ്രസാദിനെ കൊമ്മേരി ആട് വളര്‍ത്തല്‍ കേന്ദ്രത്തിന് സമീപത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. അന്നുതന്നെ നാല് പ്രതികളെ പിടികൂടിയിരുന്നു.
സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒളിവില്‍പോയ ഫൈസലിനെ വീരാജ്പേട്ടക്കടുത്തുവച്ചാണ് പിടികൂടിയത്. ശ്യാമപ്രസാദിന്റെ വീട്ടിലേക്കുള്ള യാത്രയില്‍ പേരാവൂര്‍ വരെ പിന്തുടര്ന്ന് വിവരങ്ങള്‍ കൈമാറിയത് ഫൈസലാണെന്നും കൊലപാതകം ആസൂത്രണം ചെയ്യുന്ന ഘട്ടം മുതല്‍ ഫൈസല്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും ഇനി അഞ്ച് പ്രതികള്‍ പിടിയിലാകാനുണ്ടെന്നും കേസന്വേഷിക്കുന്ന പേരാവൂര്‍ സി.ഐ. കുട്ടികൃഷ്ണന് പറഞ്ഞു. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്.
ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളും എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമായ പാറക്കണ്ടം സ്വദേശി മുഹമ്മദ്, മിനിക്കോല്‍ സലീം, നീര്‍വേലി സ്വദേശി സമീര്‍, പാലയോട് സ്വദേശി ഹാഷിം എന്നിവരെയാണ് സംഭവദിവസം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."