നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടി കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ
മോസ്‌കോ: തങ്ങളുടെ നൂറുകണക്കിനു നയതന്ത്രജ്ഞരെ വിവിധ രാഷ്ട്രങ്ങള്‍ പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി റഷ്യ. നടപടിക്കു കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടന്റെ മുന്‍ ഇരട്ടച്ചാരനെതിരായ രാസപ്രയോഗത്തില്‍ പ്രതിഷേധിച്ചായിരുന്നു വിവിധ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും അമേരിക്കയും അടക്കം 120ഓളം റഷ്യന്‍ നയതന്ത്രജ്ഞരെ തങ്ങളുടെ രാഷ്ട്രങ്ങളില്‍നിന്നു പുറത്താക്കിയത്. ഏതാനും രാജ്യങ്ങള്‍ റഷ്യയിലെ തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയുടെ നയതന്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണിത്.
തങ്ങളുടെ 60 നയതന്ത്രജ്ഞരെ പുറത്താക്കിയ അമേരിക്കയുടെ നടപടി അത്യധികം ഖേദകരമാണെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. അതിനു ശേഷം ഏതുതരത്തിലുള്ള പ്രതികാര നടപടി വേണമെന്ന കാര്യം പ്രസിഡന്റ് പുടിനു മുന്‍പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. മറ്റു രാജ്യങ്ങളെ കൂടി സമ്മര്‍ദത്തിലാക്കി തങ്ങള്‍ക്കെതിരേ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണ് അമേരിക്ക പയറ്റുന്നത്. ആധുനിക യൂറോപ്പില്‍ അവശേഷിച്ച അല്‍പം ചില സ്വതന്ത്ര രാജ്യങ്ങളെയും സമ്മര്‍ദത്തിലാക്കാനാണ് അവരുടെ നീക്കം. ബ്രിട്ടന്റെ ചാരനെതിരായ വിഷപ്രയോഗത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നു പലവട്ടം വ്യക്തമാക്കിയതാണെന്നും മുന്‍പുള്ള പോലെ തന്നെ പരസ്പര കൊടുക്കല്‍ വാങ്ങല്‍ നയം രാജ്യം തുടരുമെന്നും പെസ്‌കോവ് വ്യക്തമാക്കി.
'വിവിധ രാജ്യങ്ങളുടെ നടപടികള്‍ക്കെതിരേ എന്തു നടപടിയാണു കൈക്കൊള്ളേണ്ടതെന്ന കാര്യം പരിശോധിച്ചു തീരുമാനിച്ച് വിദേശകാര്യ മന്ത്രാലയം പ്രസിഡന്റ് പുടിന് റിപ്പോര്‍ട്ട് നല്‍കും. പിന്നീട് പുടിനാണ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുക.'-പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തുള്ള റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടിയെ റഷ്യയുടെ യു.എന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്ക തങ്ങളുടെ അധികാരവും ഉത്തരവാദിത്തവും ദുരുപയോഗം ചെയ്യുകയാണെന്ന് അവര്‍ ആരോപിച്ചു. സംഭവം തങ്ങളുടെ യു.എന്‍ എംബസിക്ക് കനത്ത തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇതിനെ രാജ്യം മറികടക്കുമെന്നും നെബന്‍സിയ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."