ശീതളപാനീയങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടി
തൊടുപുഴ: ശീതളപാനീയങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. വേനല്‍ കടുത്തതോടെ ജ്യൂസുകള്‍ക്കും മറ്റും ആവശ്യക്കാരേറിയ സാഹചര്യത്തില്‍ ബേക്കറികളും കൂള്‍ബാറുകളും വഴിയോരങ്ങളിലെ ജ്യൂസ് വില്‍പനശാലകളും കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. മറയൂരിലെ കടയില്‍നിന്നു കുപ്പിവെള്ളം കുടിച്ചു മൂന്നു പേര്‍ ആശുപത്രിയിലായ സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കിയത്. ശുദ്ധമായ ജലമാണോ ശീതളപാനീയങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്തും. ജ്യൂസുകള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന പഴങ്ങള്‍, ഐസ്, പഞ്ചസാര, മറ്റു ഭക്ഷ്യവസ്തുക്കള്‍ എന്നിവ നിശ്ചിത ഗുണനിലവാരമുള്ളവയാണോ എന്നും പരിശോധിക്കും. വ്യവസ്ഥകള്‍ പാലിക്കാത്ത കടകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വേനല്‍ക്കാലത്തു പൊട്ടിമുളയ്ക്കുന്ന ശീതളപാനീയ കടകള്‍ക്കു റജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തും. കൊടുംചൂട് മറയാക്കി ഗുണനിലവാരമില്ലാത്ത ശീതളപാനീയങ്ങളുടെ വില്‍പന വ്യാപകമാകാനിടയുള്ള സാഹചര്യം കണക്കിലെടുത്താണ് അധികൃതര്‍ പരിശോധന ശക്തമാക്കുന്നത്. കുപ്പിവെള്ള വിപണിയിലെ വ്യാജന്‍മാരെ കണ്ടെത്താനും പരിശോധനയുണ്ടാകും. മാനദണ്ഡങ്ങള്‍ പാലിക്കാതെ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്ന യൂണിറ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ശീതളപാനീയങ്ങളുടെ ഗുണമേന്മയെക്കുറിച്ചു പരാതിയുണ്ടെങ്കില്‍ ബന്ധപ്പെടാം: ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ ഓഫിസ്: 04862 220066. 18004251125 ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പറിലും ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."