വിസില്‍ ബ്ലോവര്‍ ആക്ട്: ജേക്കബ് തോമസിന് സംരക്ഷണം നല്‍കാനാവില്ലെന്ന്
കൊച്ചി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ ആക്ട് പ്രകാരം സംരക്ഷണം നല്‍കാനാവില്ലെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവര്‍ ആക്ട് പ്രകാരം സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ ഹരജിയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജേക്കബ് തോമസിന്റെ ജീവന് ഭീഷണിയുണ്ടെങ്കില്‍ പൊലിസ് സംരക്ഷണം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ വിസില്‍ ബ്ലോവറായി കാണാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വിദേശത്ത് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് നല്‍കിയ അപേക്ഷ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പരിഗണനയിലാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. തുടര്‍ന്ന് ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഏപ്രില്‍ മൂന്നിലേക്ക് മാറ്റി. അഴിമതി കേസുകളില്‍ നടപടിയെടുത്തതിന്റെ പ്രതികാരമായി തനിക്ക് ഉന്നതരായ ചിലരുടെ ഭീഷണിയുണ്ടെന്നും രാജ്യത്തിന് പുറത്ത് നിയമനം നല്‍കണമെന്നും ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് പ്രധാനമന്ത്രിക്ക് പരാതി അയച്ചിരുന്നു. ഇതിന്മേല്‍ നടപടി ഉണ്ടായില്ലെങ്കില്‍ സ്വയം വിരമിക്കേണ്ടി വരുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."