മധുവിന്റെ കൊലപാതകം: കാരണം പട്ടിണിയല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം പട്ടിണിയുടെ പരിണിത ഫലമാണെന്ന് പറയാനാവില്ലെന്നും സംഭവത്തിന് മത - രാഷ്ട്രീയ നിറം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മധുവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹരജിയിലാണ് സര്‍ക്കാര്‍ ഇതു വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
മധുവിന്റെ അമ്മ മല്ലി അംഗന്‍വാടിയില്‍ ഹെല്‍പറും ഒരു സഹോദരി അംഗന്‍വാടി വര്‍ക്കറുമാണ്. മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിലെ ജീവനക്കാരനാണ്. ന്യായമായ വരുമാനമുള്ള കുടുംബമാണ് മല്ലിയുടേത്. 2012 മുതല്‍ 2014 വരെയുള്ള കാലത്ത് മധുവിന് വിഷാദ രോഗത്തിന് ചികിത്സ നല്‍കിയിരുന്നു. ഇയാള്‍ പിന്നീട് ചികിത്സ മുടക്കിയെന്നും പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പുകഴേന്തി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇത്തരം വിഭാഗക്കാര്‍ക്ക് പ്രതിമാസം നല്‍കുന്ന 35 കിലോ സൗജന്യ അരി ഈ കുടുംബം വാങ്ങുന്നുണ്ട്. പട്ടിക വര്‍ഗ വകുപ്പിന്റെ ഫുഡ് സപ്പോര്‍ട്ട് പ്രോജക്ടിന്റെ ഗുണഭോക്താക്കളാണിവര്‍. മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ് മധു കഴിഞ്ഞിരുന്നത്. ആരും തിരിഞ്ഞു നോക്കാന്‍ ഉണ്ടായിരുന്നില്ല. പക്ഷേ മധുവിന് പട്ടിക വര്‍ഗ വകുപ്പ് ആരോഗ്യ പരിരക്ഷ നല്‍കിയിരുന്നു. അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കിയതും ഇനി നടപ്പാക്കുന്നതുമായ നിരവധി പദ്ധതികളുടെ വിവരങ്ങളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."