വ്യാജരേഖ ചമച്ച് ജോലിയില്‍ പ്രവേശിച്ചു: കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റനെതിരേ കേസ്
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ജോലിയില്‍ പ്രവേശിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റന്‍ രോഹന് പ്രേമിനെതിരേ കേസ്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ജോലിക്കായി രോഹന് പ്രേം വ്യാജ ബി.കോം സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയിരുന്നത്. ഇതേത്തുടര്‍ന്ന് അക്കൗണ്ടന്റ്സ് ജനറല്‍ ഓഫിസിലെ ജോലിയില്‍നിന്ന് രോഹനെ ആറുമാസം മുന്‍പ് പിരിച്ചുവിട്ടിരുന്നു. ഓഡിറ്റര്‍ ജോലിയില്‍ നിന്നാണ് രോഹനെ പുറത്താക്കിയത്.
ബിരുദം അടിസ്ഥാന യോഗ്യതയായ ഈ തസ്തികക്കായി ഉത്തര്‍പ്രദേശിലെ ത്സാന്‍സിയിലെ ഒരു സര്‍വകലാശാലയിലെ ബിരുദ സര്‍ട്ടിഫിക്കറ്റാണ് രോഹന് നല്‍കിയിരുന്നത്. സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി അറിയാന്‍ ഏജീസ് ഓഫിസ് അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിയില്‍ പ്രവേശിച്ചതിന് വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം രോഹനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏജീസ് ഓഫിസ് നല്കിയ പരാതിയില്‍ കണ്‍ഡോണ്‍മെന്റ് പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, രോഹനെ പിരിച്ചുവിട്ടത് ഒരുവര്‍ഷം മുന്‍പാണെന്നും കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി 2017ല്‍ നല്‍കിയതാണെന്നും ഇപ്പോള്‍ വാര്‍ത്തയായതിന് പിന്നില്‍ മറ്റെന്തോ താല്പര്യമുണ്ടെന്നും രോഹനോട് അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."