റേഡിയോ ജോക്കിയുടെ കൊലപാതകം: നാല് പേര്‍ പിടിയില്‍
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും യുവഗായകനുമായ മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പൊലിസ് പിടിയിലായി. ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്.
രാജേഷിന്റെ കൊലപാതകം വിദേശത്ത് നിന്നുള്ള ക്വട്ടേഷനാണെന്ന് പൊലിസ് അറിയിച്ചു. അറസ്റ്റിലായവര്‍ കൊലയാളികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പാടാക്കിയവരാണെന്നും പൊലിസ് പറഞ്ഞു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം, വിദേശത്തുള്ള സ്ത്രീ സുഹൃത്തുമായുള്ള ബന്ധം കേന്ദ്രീകരിച്ചാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട രാജേഷ് ഖത്തറില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെ ശത്രുക്കളുണ്ടായിരുന്നോയെന്നാണ് പൊലിസിന്റെ പ്രധാന അന്വേഷണം. ചുവന്ന കാറിലെത്തിയ മുഖംമൂടി സംഘം രാജേഷിനെ മാത്രമായിരുന്നു ലക്ഷ്യമിട്ടതെന്ന് രാജേഷിനൊപ്പം വെട്ടേറ്റ് ചികിത്സയിലുള്ള കുട്ടന്‍ പറഞ്ഞു.
ഖത്തറിലുള്ള സ്ത്രീ സുഹൃത്തുമായി മണിക്കൂറുകളോളം രാജേഷ് സംസാരിച്ചതായി ഫോണ്‍രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മുഖം മൂടി സംഘംചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടര മണിക്ക് ആക്രമിക്കുമ്പോഴും ഇവര്‍ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാജേഷ് അക്രമിക്കപ്പെടുന്നത് സ്ത്രീ സുഹൃത്തും അതേസമയം അറിയുന്നുണ്ടായിരുന്നു. ആക്രമവിവരം നാടന്‍ കലാസംഘത്തില്‍ ഒപ്പമുള്ളവരെ ഫോണിലൂടെ അറിയിക്കുന്നതും ഇതേ സുഹൃത്ത് തന്നെയായിരുന്നു. ഖത്തറിലും നാട്ടിലുമുള്ള രാജേഷിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഏതാനും മാസം മുന്‍പ് വരെ വിദേശത്തായിരുന്ന രാജേഷ് ചില പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് തിരികെ എത്തിയത്. ഇതുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ കൊലയെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സ്ത്രീസുഹൃത്തുമായുള്ള ബന്ധത്തില്‍ എതിര്‍പ്പുള്ളവരായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസിന്റ പ്രാഥമിക നിഗമനം. ദക്ഷിണ മേഖല ഐ.ജി മനോജ് എബ്രഹാമിന്റെയും തിരുവനന്തപുരം റൂറല്‍ എസ്.പി പി അശോക് കുമാറിന്റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."