മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദനം കുത്തനെ ഉയര്‍ത്തി
തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതോല്‍പ്പാദനം കുത്തനെ ഉയര്‍ത്തി. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ 11.408 ദശലക്ഷം യൂനിറ്റായിരുന്നു ഉല്‍പ്പാദനം. ഇത് സമീപകാലത്തെ തന്നെ ഉയര്‍ന്ന ഉല്‍പ്പാദനമാണ്. കേന്ദ്ര വിഹിതത്തിലും പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരമുള്ള വൈദ്യുതിയിലും കുറവ് വന്നതിനേത്തുടര്‍ന്നാണ് ഇടുക്കിയിലടക്കം ഉല്‍പ്പാദനം ഉയര്‍ത്തിയത്.
ഇടുക്കി പദ്ധതിയില്‍ 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഉള്ളത്. ഇതില്‍ ഒരു ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയിലാണ്. 715.091 മീറ്ററാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 43 ശതമാനമാണ്. 933.341 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിലുണ്ട്. ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 78.791 ദശലക്ഷം യൂനിറ്റായിരുന്നു. കേരളത്തിന് കേന്ദ്ര വിഹിതമായി രണ്ടര-മൂന്നര രൂപ വിലയ്ക്ക് ദിവസവും 35 ദശലക്ഷം യൂനിറ്റ് വരേയും പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരം ശരാശരി നാലുരൂപ നിരക്കില്‍ 25 ദശലക്ഷം യൂനിറ്റ് വരേയും ലഭിക്കണം. എന്നാല്‍ രണ്ടുദിവസമായി ഇതില്‍ കുറവുവന്നിട്ടുണ്ട്. ഇന്നലെ 50.2062 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പുറത്തുനിന്നും എത്തിയത്.
28.5848 ദശലക്ഷം യൂനിറ്റായിരുന്നു എല്ലാ പദ്ധതികളിലുമായി ഇന്നലത്തെ ആഭ്യന്തര ഉല്‍പ്പാദനം. മൊത്തം സംഭരണശേഷിയുടെ 46 ശതമാനം ജലം ഇപ്പോള്‍ എല്ലാ അണക്കെട്ടുകളിലുമായി ഉണ്ട്. 19.6.383 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമുണ്ടിത്. കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 623.548 ദശലക്ഷം യൂനിറ്റ് അധികമാണിത്.
കേന്ദ്ര വിഹിതത്തിലും പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരമുള്ള വൈദ്യുതിയിലും കുറവ് വരുന്നത് കെ.എസ്.ഇ.ബിയുടെ ലാഭക്കച്ചവടത്തിന് തിരിച്ചടിയാകും. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കൂടുന്നതനുസരിച്ച് സ്ലാബ് ഉയരും. ഇതനുസരിച്ച് വൈദ്യുതി നിരക്കും കൂടും. പുറമേ നിന്നും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകുമ്പോള്‍ ഉയര്‍ന്ന സ്ലാബില്‍ വില്‍പന നടത്തി ലാഭം കൊയ്യുകയാണ് കെ.എസ്.ഇ.ബിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."