ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ട് നാല് വര്‍ഷം; ഇനിയും പ്രവര്‍ത്തനസജ്ജമായില്ല
ഏറ്റുമാനൂര്‍: പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് വൈദ്യുതി പ്രവഹിക്കുന്നുവെന്ന അറിയിപ്പ് വന്നിട്ട് നാലു വര്‍ഷം. പക്ഷെ ട്രാന്‍സ്‌ഫോര്‍മര്‍ കുറ്റിചെടികളും വള്ളിപടര്‍പ്പും കയറി മൂടിയതല്ലാതെ വൈദ്യുതി ഇതുവരെ എത്തിയില്ല. ഏത് നിമിഷവും വൈദ്യുതി പ്രവഹിക്കാമെന്നു അറിയിച്ച് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനിയര്‍ പതിപ്പിച്ച നോട്ടിസും വെറുതെയായി. ഏറ്റുമാനൂര്‍ നഗരസഭയിലെ 18-ാം വാര്‍ഡില്‍ അരയിരം ക്ഷേത്രം ജങ്ഷനില്‍ സ്ഥാപിച്ച ട്രാന്‍ഫോര്‍മറിനാണ് ഈ അവസ്ഥ.
2014 ആഗസ്റ്റ് 20നാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്. കറുത്തേടം മുതല്‍ അരയിരം വരെയുള്ള ഒരു കി.മീറ്ററിലധികം ദൂരത്തിലുള്ള 11 കെ.വി ലൈനിലും പുതുതായി സ്ഥാപിച്ച 25 കെ.വി.എ ട്രാന്‍സ്‌ഫോര്‍മറിലുടേയും അടുത്തവര്‍ഷം ജൂലൈ അഞ്ചിന് രാവിലെ 10 മുതല്‍ ഏതു നിമിഷവും വൈദ്യുതി പ്രവഹിക്കുമെന്നായിരുന്നു അധികൃതര്‍ പതിച്ച നോട്ടിസ്. വൈദ്യുതി ലൈനിലോ അനുബന്ധ ഉപകരണങ്ങളിലോ മനുഷ്യനോ മൃഗങ്ങളോ സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ലെന്നും അങ്ങനെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ബോര്‍ഡ് ഉത്തരവാദിയല്ലായിരിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അരയിരം- പുളിമൂട് റോഡിലേയും അമ്പലക്കോളനി റോഡിലേയും വൈദ്യുതിക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്. വൈദ്യുതി മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നു ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പെരുമാലില്‍ പറയുന്നു.
എന്നാല്‍ 100 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുമില്ല. 100 കെ.വി.എ ട്രാന്‍സ്‌ഫോര്‍മര്‍ നിലവില്‍ ലഭ്യമല്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. അധികൃതരുടെ അനാസ്ഥക്കെതിരേ ഇതിനിടെ റസിഡന്‍സ് അസോസിയേഷനും പൗരസമിതിയും രംഗത്തെത്തി. ഒരു പ്രദേശത്തെ ജനങ്ങളെയാകെ കഴിഞ്ഞ അഞ്ച് വര്‍ഷമായി പറ്റിക്കുന്ന വൈദ്യുതി വകുപ്പിന്റെ നടപടിക്കെതിരേ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."