പുനലൂര്‍-ചെങ്കോട്ട റെയില്‍ പാത: താംബരം-കൊല്ലം എക്‌സ്പ്രസ് ട്രെയിന്‍ ആദ്യയാത്ര നടത്തി
കൊല്ലം: കൊല്ലത്തിന് ചരിത്രമുഹൂര്‍ത്തമായിരുന്നു ഇന്നലെ. പത്തുവര്‍ഷത്തോളമുള്ള കാത്തിരിപ്പിന് ശേഷം പുതിയ പാതയിലൂടെ കൊല്ലം-ചെങ്കോട്ട ട്രെയിന്‍ എത്തിയതിന്റെ ആഹ്ലാദമായിരുന്നു എങ്ങും.
പുനലൂര്‍ ചെങ്കോട്ട പാതയിലുടെ താംബരം-കൊല്ലം എക്‌സ്പ്രസ് ട്രെയിന്‍ ഇന്നലെ ആദ്യയാത്രയും നടത്തി.
റെയില്‍പാതയുടെ ഔദ്യോഗിക ഉദ്ഘാടനം 10ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹൈന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിക്കുമെന്ന് പാതയുടെ പൂര്‍ത്തീകരണത്തിനായി പ്രയത്‌നിച്ച എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
പരിപാടിയുടെ അന്തിമ രൂപം കേന്ദ്ര റെയില്‍വേ മന്ത്രാലയം തയാറാക്കി വരുന്നു.
ഉദ്ഘാടനം കഴിയുന്ന ദിവസം തന്നെ മൂന്ന് ട്രെയിനുകള്‍ ഓടിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബ്രോഡ്‌ഗേജിന്റെ പണികള്‍ ആരംഭിക്കുന്നതിനു തൊട്ടു മുന്‍പുണ്ടായിരുന്ന മുഴുവന്‍ ട്രെയിനുകളും പുനസ്ഥാപിക്കണമെന്നും തൂത്തുകുടി-കൊല്ലം, രാമേശ്വരം-കൊല്ലം, തൂത്തുകുടി-കൊല്ലം-എറണാകുളം-മംഗലാപുരം, ചെന്നൈ-ചെങ്കോട്ട-കൊല്ലം-ബാംഗ്ലൂര്‍ തുടങ്ങി കൂടുതല്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കണമെന്ന നിര്‍ദേശം റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
ചെങ്കോട്ടയില്‍ ട്രെയിനിന് വരവേല്‍പ്പ് നല്‍കിയതോടൊപ്പം പുനലൂര്‍ ചെങ്കോട്ട റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിനായി പരിശ്രമിച്ച എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്കും ഒപ്പമുണ്ടായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പിക്കും സ്വീകരണം നല്‍കി. തുടര്‍ന്ന് ഭഗവതിപുരം, ആര്യങ്കാവ്, ഒറ്റയ്ക്കല്‍, ഇടമണ്‍, തെന്മല, പുനലൂര്‍, അവണേശ്വരം, കൊട്ടാരക്കര, കൊല്ലം എന്നീ സ്റ്റേഷനുകളില്‍ ട്രെയിനിനും സ്വീകരണം നല്‍കി.
ചെങ്കോട്ട മുതല്‍ പുനലൂര്‍ വരെയുളള സ്റ്റേഷനുകളില്‍ നൂറുകണക്കിന് ആളുകള്‍ വാദ്യമേളങ്ങളോടെ മധുരപലഹാരം വിതരണം ചെയ്താണ് സ്വീകരിച്ചത്.പുനലൂര്‍ ചെങ്കോട്ട റെയില്‍പാത 375.23 കോടി രൂപയുടെ അടങ്കല്‍ തുകയുടെ പദ്ധതിയായി 2009-2010ല്‍ രൂപകല്‍പന ചെയ്തതാണ്. പുനലൂര്‍ മുതല്‍ ഇടമണ്‍ വരെ തിരുവനന്തപുരം ഡിവിഷനും ഇടമണ്‍ മുതല്‍ ചെങ്കോട്ട വരെ മധുര ഡിവിഷനുമാണ് നിര്‍മാണത്തിന്റെ ചുമതലയുണ്ടായിരുന്നത്.
പുനലൂര്‍-ചെങ്കോട്ട മേഖലയില്‍ ഗേജ് മാറ്റത്തിനായി 2010-11 ല്‍ 9.95 കോടി രൂപ, 2011-12ല്‍ 3.71 കോടി രൂപ, 2012-13ല്‍ 10.35 കോടി രൂപ, 2013-14ല്‍ 28.17 കോടി രൂപ, 2014-15ല്‍ 62.99 കോടി രൂപ, 2015-16ല്‍ 58.24 കോടി രൂപ, 2016-17ല്‍ 99.39 കോടി രൂപ, 2017-18ല്‍ 54.36 കോടി രൂപയുമാണ് നിര്‍മാണത്തിനായി ചെലവിട്ടത്.
അതില്‍ 2014-2018 ല്‍ മാത്രം 274.98 കോടി രൂപയാണ് റെയില്‍പാത നിര്‍മാണത്തിനായി ചെലവിട്ടത്. ആകെ 327.16 കോടി രൂപക്കാണ് പദ്ധതി പൂര്‍ത്തീകരിച്ച് പാത നിര്‍മിച്ചത്. മുന്‍പുണ്ടായിരുന്ന ടണലുകള്‍ കൂടാതെ പുതിയ ടണലുകള്‍ ഉള്‍പ്പെടെ 2.83 കിലോമീറ്റര്‍ നീളത്തില്‍ ആറ് ടണലുകളാണ് ഈ ഭാഗത്ത് നിര്‍മിച്ചിട്ടുളളത്.
മലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുളള നിരവധി തീവണ്ടി പാളങ്ങളാണ് 1900 ആണ്ടില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചിരുന്നത്. കല്ലുപാകി പൗരാണിക രീതിയില്‍ നിര്‍മിച്ച അത്തരം പാളങ്ങളെ അവയുടെ രൂപഭംഗി നഷ്ടപ്പെടാതെ തന്നെ സംരക്ഷിക്കുന്ന തരത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ആറ് ക്രോസിങ് സ്റ്റേഷനുകളും അഞ്ച് ഹാള്‍ട്ട് സ്റ്റേഷനുകളും നിര്‍മിച്ചിട്ടുണ്ട്. കാട്ടുപാതയില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുളള സുരക്ഷാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. 10 ഡിഗ്രി ചരിവുളള 56 വളവുകളുള്ള അപൂര്‍വമായ പാതയാണിത്. ഇത്തരത്തിലുളള വളവുകളില്‍ ചെക്ക് റെയിലുകള്‍ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്.
ഹാള്‍ട്ട് സെക്ഷനുകളില്‍ രണ്ട് വീതം ക്ലാമ്പ്‌സ്ലൈഡിങുകള്‍ നിര്‍മിച്ച് സുരക്ഷിതത്വ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. വിനോദ സഞ്ചാരവികസനത്തിന് ഏറെ പ്രാധാന്യമുളള പാതയുടെ പൗരാണിക സൗന്ദര്യം സംരക്ഷിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുളളതെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
എന്‍.കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നീ എം.പിമാരോടൊപ്പം ദക്ഷിണ റെയില്‍വേ നിര്‍മാണ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ശങ്കര നാരായണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശരവണന്‍, എന്‍ജിനീയര്‍മാരായ ശങ്കരരാജന്‍, കുമാരവേല്‍, നല്ലയ്യപ്പന്‍, ഹനീഫ, ഷണ്‍മുഖന്‍, ട്രാഫിക് ഇന്‍സ്‌പെക്ടര്‍ എസ്. ബാലചന്ദ്രന്‍ നായര്‍, ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ മനോഹരന്‍ എന്നിവരും ഉണ്ടായിരുന്നു. ലോക്കോ പൈലറ്റ് എസ്.എന്‍.ജി ദേവസഹായവും, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വീര്‍ മുഹമ്മദുമാണ് ട്രെയിന്‍ ഓടിച്ചത്.
പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് പേര്‍ ചെങ്കോട്ട മുതല്‍ കൊല്ലം വരെയുളള കന്നിയാത്രയില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."