പെര്‍മിറ്റെടുത്തത് ഫര്‍ണിച്ചര്‍ സ്റ്റോറേജിന്; തുടങ്ങിയത് കള്ളുഷാപ്പ്
എടവണ്ണപ്പാറ: ഫര്‍ണിച്ചര്‍ സ്റ്റോറേജിനെന്നു വ്യക്തമാക്കി പെര്‍മിറ്റെടുത്ത് കള്ളുഷാപ്പ് തുടങ്ങിയതായി ആരോപണം. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ എടവണ്ണപ്പാറ ചീടിക്കുഴി അങ്കണവാടിക്കു തൊട്ടടുത്തായാണ് മലപ്പുറം മേല്‍മുറി സ്വദേശി ഷണ്‍മുഖന്‍ എന്ന വ്യക്തി കള്ളുഷാപ്പ് ആരംഭിച്ചിരിക്കുന്നത്.
പഞ്ചായത്തിനെയും പരിസരവാസികളെയും വഞ്ചിച്ച് കള്ളുഷാപ്പ് തുടങ്ങിയതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു വാഴക്കാട് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കെട്ടിടം ഇന്നലെ അധികൃതര്‍ പൂട്ടിയിട്ടുണ്ട്. ഫര്‍ണിച്ചര്‍ സ്റ്റോറേജിനായി കഴിഞ്ഞ ഡിസംബര്‍ 22നു പഞ്ചായത്തില്‍ ബില്‍ഡിങ് പ്ലാന്‍ സമര്‍പ്പിക്കുകയും പ്രസ്തുത ആവശ്യത്തിനായി പെര്‍മിറ്റ് നല്‍കുന്നതിനായി കഴിഞ്ഞ ഫെബ്രുവരി ആറിനു പെര്‍മിറ്റ് ഫീസ് അടക്കുകയും ചെയ്തിരുന്നു. ഈ കെട്ടിടത്തിലാണ് ഇപ്പോള്‍ കള്ളുവ്യാപാരം നടക്കുന്നത്.
ഇവിടെ കള്ളുഷാപ്പ് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നു നേരത്തേതന്നെ പ്രദേശ വാസികള്‍ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയതിനെ തുടര്‍ന്ന് ഈ കെട്ടിടത്തില്‍ മറ്റൊരു കാര്യവും ആരംഭിക്കില്ലെന്നു സത്യവാങ്മൂലം വാങ്ങിയിരുന്നു. തുടര്‍ന്നു കെട്ടിട നമ്പര്‍ നല്‍കി. എന്നാല്‍, ഗ്രാമപഞ്ചായത്തിനെ കബളിപ്പിച്ച് ഇവിടെ കള്ളുവ്യാപാരം നടക്കുകയാണ്. തുടര്‍ന്ന് ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ച് പെര്‍മിറ്റും നമ്പറും റദ്ദാക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്നും ഇന്നലെ ചേര്‍ന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ചീടിക്കുഴി അങ്കണവാടിക്കു ഭീഷണിയായി നില്‍ക്കുന്ന കള്ളുഷാപ്പിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കു പൂര്‍ണ പിന്തുണയും ഗ്രാമപഞ്ചായത്ത് അധികൃതര്‍ വാഗ്ദാനം ചെയ്തു.
പ്രസിഡന്റ് എം. ഹാജറുമ്മ ടീച്ചര്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, പി. മുഹമ്മദ്, എ.പി തങ്കം, പി. ശ്രീമതി, അഷ്‌റഫ് കോറോത്ത്, വിജയരാജന്‍, കെ.എ സലീം, എം.സി നാസര്‍, നഈമുദ്ദീന്‍, ജമീല, സുഹറാബി, സെക്രട്ടറി പി. ജിനചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."