ദൗമയും നിയന്ത്രണത്തിലാക്കിയതായി സിറിയന്‍ സൈന്യം
ദമസ്‌കസ്: കിഴക്കന്‍ ഗൂഥയുടെ ഏകദേശം ഭാഗവും കീഴടക്കിയതായി സിറിയന്‍ സൈന്യം. അവശേഷിക്കുന്ന ദൗമ നഗരപ്രദേശങ്ങളും വിമതരില്‍നിന്നു തിരിച്ചുപിടിച്ചതായാണ് സൈന്യത്തിന്റെ അവകാശവാദം. ആഴ്ചകള്‍ നീണ്ട സൈനിക നടപടിക്കൊടുവില്‍ തലസ്ഥാനമായ ദമസ്‌കസിന് സുരക്ഷ വീണ്ടെടുത്തതായി സിറിയന്‍ സൈനിക വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ജോബര്‍, സമാല്‍ക്ക, അര്‍ബീന്‍, ഐന്‍ തര്‍മ തുടങ്ങിയ നഗരങ്ങള്‍ നേരത്തെ തന്നെ സൈന്യത്തിനു കീഴില്‍ വന്നിരുന്നു. ദൗമയിലാണ് വിമതര്‍ പ്രതിരോധം ശക്തമാക്കിയത്. ഇവിടെ മൂന്നു വിമതസംഘങ്ങള്‍ രണ്ടും നേരത്തെ കീഴടങ്ങിയിരുന്നു. അവശേഷിച്ച ജയ്ഷുല്‍ ഇസ്‌ലാം എന്ന വിമതസംഘവും ഏറെക്കുറെ പിന്മാറിയതായാണു വ്യക്തമാകുന്നത്. 2016 മുതല്‍ ജയ്ഷുല്‍ ഇസ്‌ലാമിന്റെയും മറ്റു വിമതസംഘങ്ങളുടെയും നിയന്ത്രണത്തിലായിരുന്നു ദൗമ.
അതിനിടെ, സൈനിക ആക്രമണത്തില്‍ പരുക്കേറ്റവര്‍ അടക്കമുള്ള സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സിറിയയുടെ സഖ്യകക്ഷിയായ റഷ്യയും വിമതരും തമ്മില്‍ ധാരണയായി. ഇതുപ്രകാരം അടുത്ത ദിവസം തന്നെ ആയിരത്തിലേറെ പേരെ നഗരത്തില്‍നിന്ന് മറ്റു സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കും. പ്രധാനമായും ഇദ്‌ലിബിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്കായിരിക്കും ഇവരെ മാറ്റിപ്പാര്‍പ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."