തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി തുക വിനിയോഗിച്ചത് 90.14 ശതമാനം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ മുന്നേറ്റം. സംസ്ഥാനത്തെ 160 ഗ്രാമപഞ്ചായത്തുകളും ഏഴു ബ്ലോക്ക് പഞ്ചായത്തുകളും ആറു നഗരസഭകളും കൊല്ലം കോര്‍പറേഷനും മുഴുവന്‍ പദ്ധതി തുകയും ചെലവഴിച്ച് നൂറു ശതമാനം ലക്ഷ്യം കൈവരിച്ചു.
83.77 ശതമാനമാണ് ഈ വര്‍ഷത്തെ സംസ്ഥാന ശരാശരി. പെന്റിങ് ബില്ലുകള്‍ കൂടി ചേര്‍ത്താല്‍ ഇതു 90.14 ശതമാനമാകും. 60.78 ശതമാനമായിരുന്നു മുന്‍ വര്‍ഷത്തെ ചെലവ്. വകയിരുത്തിയ 6194.65 കോടി രൂപയില്‍ 5583.35 കോടിയും ചെലവഴിച്ചു.
ഗ്രാമപഞ്ചായത്തുകള്‍ 89.17 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 87.64 ശതമാനവും ജില്ലാ പഞ്ചായത്തുകള്‍ 69.28 ശതമാനവും തുകയാണ് ചെലവഴിച്ചത്. 90.14 ശതമാനം തുക ചെലവഴിച്ച കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. പെന്റിങ് ബില്ലുകള്‍ കൂടി ചേര്‍ത്താല്‍ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ചെലവ് 96.07 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളുടേത് 88.07 ശതമാനവും ജില്ലാ പഞ്ചായത്തുകളുടേത് 71.5 ശതമാനവുമാകും.
സംസ്ഥാനത്തെ 287 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 90 ശതമാനത്തിനു മുകളില്‍ ചെലവഴിച്ചു. സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്ര ഉയര്‍ന്ന പദ്ധതി ചെലവ് രേഖപ്പെടുത്തുന്നത് ജനകീയാസൂത്രണത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.
2014-15 ല്‍ 68.21ഉം 2015-16ല്‍ 73.61ഉം ശതമാനമായിരുന്നു പദ്ധതി ചെലവ്. 2016-17ല്‍ നോട്ട് നിരോധനം സൃഷ്ടിച്ച പ്രയാസങ്ങള്‍ക്കിടയിലും പദ്ധതി നിര്‍വഹണം 67.08 ശതമാനത്തില്‍ എത്തിക്കാന്‍ സംസ്ഥാനത്തിനായി. എന്നാല്‍ ഈ നേട്ടങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് 90.14 ശതമാനമെന്ന റെക്കോര്‍ഡ് നേട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയത്.
ഈ വര്‍ഷത്തെ റവന്യൂ പിരിവിന്റെ കാര്യത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച നേട്ടം കൈവരിച്ചു. 82 ഗ്രാമപഞ്ചായത്തുകള്‍ക്കും 47 മുനിസിപ്പാലിറ്റികള്‍ക്കും റവന്യൂ കലക്ഷന്‍ ഇന്‍സെന്റീവ് നേടാനായി. 814.77 കോടിയുടെ വസ്തു നികുതി ലക്ഷ്യമിട്ടതില്‍ 576.10 കോടിയും പിരിച്ചെടുത്തു.
ഇതു 70.70 ശതമാനം വരും. സംസ്ഥാനത്തെ 1,200 തദ്ദേശ സ്ഥാപനങ്ങളില്‍ 1,147 എണ്ണവും 2018-19ലെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 152 ബ്ലോക്ക് പഞ്ചായത്തുകളും പദ്ധതി സമര്‍പ്പിച്ചു. 941 പഞ്ചായത്തില്‍ 906ഉം 87 നഗരസഭയില്‍ 74ഉം 14 ജില്ലാ പഞ്ചായത്തില്‍ 11 എണ്ണവും ആറു കോര്‍പറേഷനുകളില്‍ നാലെണ്ണവുമാണ് പദ്ധതി സമര്‍പ്പിച്ചത്.
കോട്ടയം, തൃശൂര്‍, മലപ്പുറം ജില്ലാ പഞ്ചായത്തുകളും എറണാകുളം, തൃശൂര്‍ കോര്‍പറേഷനുകളുമാണ് ഇനി പദ്ധതി സമര്‍പ്പിക്കാനുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി സമര്‍പ്പിച്ചു. കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ ഓരോ പഞ്ചായത്തുകള്‍ മാത്രമാണ് പദ്ധതി സമര്‍പ്പിക്കാന്‍ ബാക്കിയുള്ളത്.
1,58,692 പുതിയ പദ്ധതികളാണ് 1,147 തദ്ദേശ സ്ഥാപനങ്ങള്‍ അനുമതിക്കായി സമര്‍പ്പിച്ചത്. 10,824 കോടി രൂപയാണ് ആകെ അടങ്കല്‍തുക. ഇതോടൊപ്പം ശേഷിക്കുന്ന 53 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പാക്കാത്ത പദ്ധതികളുടെ നീക്കിയിരിപ്പും ലൈഫ് പദ്ധതിക്കുള്ള 4,000 കോടി രൂപയുടെ വായ്പയും ചേര്‍ക്കുമ്പോള്‍ പദ്ധതി അടങ്കല്‍ 15,000 കോടിക്കു മുകളില്‍ വരുമെന്നാണ് കണക്ക്.
7,000 കോടി രൂപയുടെ വികസന ഫണ്ടടക്കം 10779.59 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ബജറ്റ് വകയിരുത്തല്‍. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുകയും ഇതിനു പുറമേയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."