മലാല ബ്രിട്ടനിലേക്കു തിരിച്ചു
ഇസ്ലാമാബാദ്: നാലുദിവസത്തെ പാകിസ്താന് സന്ദര്‍ശനം അവസാനിപ്പിച്ച് നൊബേല്‍ ജേതാവ് മലാല യൂസുഫ് സായി ബ്രിട്ടനിലേക്കു തിരിച്ചു. 2012ല്‍ താലിബാന് ആക്രമണത്തില്‍ വെടിയേറ്റതിനു ശേഷം ഇതാദ്യമായാണ് മലാല സ്വന്തം നാടായ പാകിസ്താനിലെത്തുന്നത്.
ശക്തമായ സുരക്ഷയിലാണ് അവര്‍ ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തിലെത്തിയത്. ഇവിടെനിന്നു വൈകിട്ടോടെ ലണ്ടനിലേക്കു തിരിച്ചു. സ്വന്തം ജന്മനാടായ സ്വാത്ത് പ്രവിശ്യയിലെ മിന്ഗോറ ഗ്രാമവും മലാല സന്ദര്‍ശിച്ചിരുന്നു. ഇവിടെത്തെ വിവിധ സ്കൂളുകളിലും മറ്റും മലാലയ്ക്കു പ്രത്യേക സ്വീകരണവും ഒരുക്കിയിരുന്നു. സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഹെലികോപ്ടറിലാണ് അവര്‍ കുടുംബത്തോടൊപ്പം സ്വാത്തിലെത്തിയത്.
നേരത്തെ, പാക് പ്രധാനമന്ത്രി പ്രധാനമന്ത്രി ശഹീദ് കഖാന് അബ്ബാസി, സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്വ തുടങ്ങിയ മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളുമായി മലാല കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ മലാലയ്ക്കും കുടുംബത്തിനും പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. തന്റെ ഏറെ നാളത്തെ അഭിലാഷമാണ് ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നതെന്ന് മലാല പാകിസ്താനില്‍ ടെലിവിഷന്‍ വഴി സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു.
2012 ഒക്ടോബറിലാണ് സ്കൂളില്‍നിന്നു മടങ്ങുന്ന വഴിക്ക് 14കാരിയായിരുന്ന മലാല സഞ്ചരിച്ച സ്കൂള്‍ ബസ് താലിബാന് ഭീകരവാദികള്‍ ആക്രമിച്ചത്. സംഭവത്തില്‍ തലയ്ക്കു വെടിയേറ്റു ഗുരുതരാവസ്ഥയിലായിരുന്ന മലാലയെ ഉടന്‍ പെഷാവറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കു മാറ്റുകയായിരുന്നു. മാസങ്ങളോളം മരണത്തോടു മല്ലിട്ട ശേഷമാണ് അവര്‍ അത്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചെത്തിയത്. തുടര്‍ന്ന് കുടുംബത്തോടൊപ്പം ലണ്ടനില്‍ താമസമാക്കി. ഇവിടെ വച്ച് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."