ജേതാക്കള്‍ക്ക് ജന്മനാട്ടില്‍ ആവേശോജ്ജ്വല സ്വീകരണം
കൊച്ചി: ഫുട്‌ബോള്‍ രാജക്കന്‍മാരായ ബംഗാളിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തി സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയ കേരളത്തിന്റെ പുലിക്കുട്ടികള്‍ക്ക് അവേശോജ്ജ്വല സ്വീകരണം. 14 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം കരസ്ഥമാക്കിയ മലയാളത്തിന്റെ ചുണക്കുട്ടികള്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ മികച്ച സ്വീകരണമാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഒരുക്കിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് 3.05ന് കളിക്കാരുമായി വിസ്താര എയര്‍വെയ്‌സ് നെടുമ്പാശ്ശേരിയിലിറങ്ങി. തുടര്‍ന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ ടീം ബസില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ടീം അംഗങ്ങളെ സ്വീകരിച്ചത്. തുടര്‍ന്ന് സ്റ്റേഡിയത്തിന് നടുവിലേക്ക് എത്തിയ താരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കപ്പുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. മന്ത്രി കെ.ടി ജലീലും കളിക്കാരുടെ ആവേശത്തില്‍ പങ്കുചേര്‍ന്നു.
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമംഗങ്ങള്‍ക്കുള്ള സമ്മാനം അടുത്ത കാബിനറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. സ്റ്റേഡിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും അനുയോജ്യമായ പാരിതോഷികമാകും താരങ്ങള്‍ക്ക് നല്‍കുക. ആറിന് വിജയ ദിനം ആഘോഷിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടീമിന് സ്വീകരണമൊരുക്കും. മലയാളികള്‍ക്കിത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഞായറാഴ്ച രാവിലെ മുതല്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ആരവങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ നിന്നുള്ള ഊര്‍ജം ഉള്‍ക്കൊണ്ട് കിരീടം കരസ്ഥമാക്കിയ കേരള ടീം അഭിനന്ദനമര്‍ഹിക്കുന്നു. കായിക മന്ത്രി എ.സി. മൊയ്തീന്റെ അഭാവത്തിലാണ് കെ.ടി. ജലീല്‍ കൊച്ചിയിലെ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തത്. നിര്‍ധന കുടുംബത്തില്‍ നിന്നെത്തുന്ന ടീമിലെ അംഗമായ അനുരാഗിന് വീട് വച്ച് നല്‍കുമെന്ന് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പും അറിയിച്ചിട്ടുണ്ട്.
ടൂര്‍ണമെന്റിന് മുന്‍പ് കോച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പരിശീലനമാണ് വിജയത്തിന്റെ രഹസ്യമെന്ന് ക്യാപ്റ്റന്‍ രാഹുല്‍ വി രാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാടിന് വേണ്ടി കിരീടം നേടുവാനായത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കേരളത്തിന്റെ മണ്ണിലെത്തിക്കുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. കൂട്ടായ്മയുടെ വിജയമാണിതെന്നും രാഹുല്‍ പറഞ്ഞു.
ടീം നേടിയത് മഹത്തായ വിജയമാണെന്നായിരുന്നു കോച്ച് സതീവന്‍ ബാലന്റെ പ്രതികരണം. ടീം സെലക്ഷനിലുള്‍പ്പെടെ പൂര്‍ണ സ്വാതന്ത്ര്യമാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കിയത്. ശക്തമായ എതിരാളികളെ മറികടന്ന് സെമിയിലെത്തിയപ്പോള്‍ വിജയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഫൈനലില്‍ അവസാന നിമിഷം ബംഗാള്‍ ഗോള്‍ നേടിയത് ആശങ്ക സമ്മാനിച്ചു. സമ്മര്‍ദ്ദമില്ലാതെ ഷൂട്ടൗട്ടിനെ നേരിടാന്‍ കളിക്കാരോട് നിര്‍ദ്ദേശിക്കുകയായുന്നു. അത് ഭംഗിയായി നിര്‍വഹിച്ചതോടെ വിജയം കൈപ്പിടിയിലാവുകയായിരുന്നുവെന്നും കോച്ച് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."