പകരം ചോദിക്കാന്‍ യുവന്റസ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
മിലാന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യപാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ ആവര്‍ത്തനമായി യുവന്റസ്- റയല്‍ മാഡ്രിഡുമായി ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് എവേ പോരാട്ടത്തില്‍ സ്പാനിഷ് കരുത്തരായ സെവിയ്യയുമായി മത്സരിക്കും. നാളെ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണ ഇറ്റാലിയന്‍ ടീം റോമയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ അവസാന ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ടീമുകളുടെ നേര്‍ക്കുനേര്‍ അങ്കം കാണാം. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി- ലിവര്‍പൂള്‍ ടീമുകളാണ് പോരിനെത്തുന്നത്. ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ രണ്ടാംപാദ മത്സരങ്ങള്‍ ഈ മാസം 11, 12 തിയതികളിലും നടക്കും.
യുവന്റസ്- റയല്‍ മാഡ്രിഡ്
കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ തോല്‍വിക്ക് പ്രതികാരം ചെയ്യാനൊരുങ്ങിയാണ് സ്വന്തം തട്ടകത്തില്‍ യുവന്റസ് ഇന്ന് റയലിനെ നേരിടാനെത്തുന്നത്. സ്പാനിഷ് ലാ ലിഗയില്‍ കിരീട പ്രതീക്ഷ കാര്യമായിട്ടില്ലെങ്കിലും ചാംപ്യന്‍സ് ലീഗിലെ അനുപമ റെക്കോര്‍ഡിന്റെ കാര്യത്തില്‍ റയലിനടുത്തെത്താന്‍ പോലും ലോകത്ത് മറ്റൊരു ടീമില്ല. കഴിഞ്ഞ രണ്ട് സീസണുകളായി കിരീടം കൈവശം വച്ചിട്ടുള്ള റയല്‍ ഇത്തവണയും കപ്പില്‍ കുറഞ്ഞൊരു നേട്ടം മുന്നില്‍ കാണുന്നില്ല. അതുവഴി ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് നേടുന്ന ആദ്യ ടീമെന്ന പെരുമയാണ് സിനദിന്‍ സിദാനും സംഘവും ലക്ഷ്യമിടുന്നത്. സൂപ്പര്‍ താരങ്ങളെ മുഴുവന്‍ ഉള്‍പ്പെടുത്തിയാണ് റയല്‍ ഇറ്റാലിയന്‍ മണ്ണില്‍ ഇറങ്ങിയിരിക്കുന്നത്.
സമീപ കാലത്തൊന്നും ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്ത യുവന്റസ് കഴിഞ്ഞ വര്‍ഷവും 2015ലും ഫൈനലിലെത്തി. കഴിഞ്ഞ തവണ റയലാണ് കീഴടക്കിയതെങ്കില്‍ 2015ല്‍ മറ്റൊരു സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയുടെ മുന്നിലാണ് അവര്‍ക്ക് കിരീടം അടിയറവ് വയ്‌ക്കേണ്ടി വന്നത്. 1984-85, 1995-96 കാലത്താണ് യുവന്റസിന്റെ രണ്ട് ചാംപ്യന്‍സ് ലീഗ് നേട്ടങ്ങള്‍.
അതിന് ശേഷം അവര്‍ക്ക് യൂറോപ്പിലെ ചക്രവര്‍ത്തി പദവി അന്യമാണ്. ആ പോരായ്മ പരിഹരിക്കുകയാണ് മാസിമിലിയാനോ അല്ലെഗ്രിയുടെ ആഗ്രഹം. മികച്ച താരങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ഇത്തവണ യുവന്റസിന് നല്ല സാധ്യതകളാണുള്ളത്. ഇന്ന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച വിജയത്തോടെ നില ഭദ്രമാക്കി രണ്ടാം പാദത്തിനായി സ്‌പെയിനിലേക്ക് പറക്കുകയാണ് ആതിഥേയരുടെ ലക്ഷ്യം. കണക്കുതീര്‍ക്കാന്‍ യുവന്റസ് ഒരുങ്ങുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത് മികച്ച മത്സരമാകുമെന്ന് ഉറപ്പ്
സെവിയ്യ- ബയേണ്‍ മ്യൂണിക്ക്
ചിരവൈരികളായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ കഴിഞ്ഞ ദിവസം നടന്ന ബുണ്ടസ് ലീഗ പോരാട്ടത്തില്‍ 6-0ത്തിന് തകര്‍ത്തതിന്റെ കത്തുന്ന ആത്മവിശ്വാസവുമായാണ് മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് എവേ പോരാട്ടത്തിനായി സെവിയ്യയുടെ തട്ടകത്തിലേക്കെത്തുന്നത്. പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസവും ആദ്യപാദം സ്വന്തം തട്ടകത്തിലാണെന്നതും സെവിയ്യ പ്രതീക്ഷയോടെ കാണുന്ന ഘടകങ്ങളാണ്.
മ്യൂണിക്കിലെ അലയന്‍സ് അരീനയിലാണ് രണ്ടാപാദ ക്വാര്‍ട്ടര്‍ എന്നതിനാല്‍ സ്വന്തം മണ്ണിലെ പോരാട്ടത്തില്‍ മികച്ച വിജയം നേടിയ നില ഭദ്രമാക്കുകയാണ് സെവിയ്യയുടെ ലക്ഷ്യം. മുന്‍നിര താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി മാരക ഫോമില്‍ നില്‍ക്കുന്നതിന്റെ ആനുകൂല്യവും കോച്ച് ജുപ് ഹെയ്‌നക്‌സിന്റെ തന്ത്രത്തിന്റെ പിന്‍ബലവും ബാവേറിയന്‍സ് പ്രതീക്ഷയോടെ കാണുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."