ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ശിലാസ്ഥാപനം അഞ്ചിന്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പ്രൊജക്ടിന്റെ ഭാഗമായി 78 കോടി രൂപ മുതല്‍ മുടക്കില്‍ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, കാന്‍സര്‍ ബ്ലോക്ക്, 11 കെവി സബ്‌സ്‌റ്റേഷന്‍ എന്നിവയുടെ നിര്‍മാണ ഉദ്ഘാടനവും ലീനിയര്‍ ആക്‌സിലറേറ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനവും എന്‍.എ.ബി.എച്ച് സര്‍ട്ടിഫിക്കറ്റ് കൈമാറ്റവും അഞ്ചിന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
മുന്‍ എംപി പി. രാജീവാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാരംഗത്തെ ഏറ്റവും നൂതനമായ ലീനിയര്‍ ആക്‌സിലറേറ്റര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. അദ്ദേഹത്തിന്റെ എം.പി ഫണ്ടില്‍ നിന്നുള്ള ഒന്നര കോടി രൂപയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യസഭ എം.പിമാരായ സി.പി നാരായണന്‍, ഡോ.ബി ജയശ്രീ, മൃണാള്‍ മിറി, എച്ച്.കെ ദുവ, ഡോ. അശോക് ഗാംഗുലി, കെ.ടി.എസ് തുള്‍സി, കെ പരാശരന്‍ എന്നിവരുടെയും ഷിപ്പ്‌യാര്‍ഡ്, ബി.പി.സി.എല്‍, സിന്തൈറ്റ് ഗ്രൂപ്പ്, കനറാ ബാങ്ക്, റോട്ടറി ക്ലബ്ബ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സഹായ സഹകരണത്തോടെ 13.7 കോടി രൂപ ചെലവിലാണ് ലീനിയര്‍ ആക്‌സിലറേറ്റര്‍ (ലിനാക്) സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന്‍ ചികിത്സ നല്‍കുന്നതിനുള്ള അത്യാധുനിക ഉപകരണമാണിത്. സാധാരണ രീതിയില്‍ റേഡിയേഷന്‍ നല്‍കുമ്പോള്‍ ക്യാന്‍സര്‍ കോശങ്ങളെ കൂടാതെ ശരീരത്തിലെ മറ്റ് കോശങ്ങളും നശിക്കും. ഇത് പരമാവധി ഒഴിവാക്കാനും അതുവഴി പാര്‍ശ്വഫലങ്ങള്‍ കുറക്കുന്നതിനും ലിനാക് ഉപയോഗിച്ചുള്ള ചികിത്സക്ക് സാധിക്കും. സ്വകാര്യ ആശുപത്രികളേക്കാള്‍ ആറിലൊന്ന് മാത്രം ചെലവില്‍ രോഗികള്‍ക്ക് ഈ സംവിധാനം ഈ ലഭ്യമാകും.
ഇന്‍കെലിനാണ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണച്ചുമതല. ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ സ്വാഗതം ആശംസിക്കും. ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള കിഫ്ബി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."