ബഹ്‌റൈനില്‍ ഏറ്റവും വലിയ എണ്ണ, വാതക നിക്ഷേപം കണ്ടെത്തി
മനാമ: ബഹ്‌റൈനില്‍ പടിഞ്ഞാറന്‍ തീരത്ത് വന്‍ തോതില്‍ എണ്ണ, വാതക നിക്ഷേപം കണ്ടെത്തി. ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ വാതക ശേഖരമാണ് കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
1932ല്‍ രാജ്യത്ത് എണ്ണഖനനം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ എണ്ണവാതക ശേഖരം കണ്ടെത്തുന്നത്. രാജ്യത്തിന്റെ എണ്ണ റിസര്‍വിനെ ശക്തിപ്പെടുത്തുന്ന കണ്ടെത്തല്‍ വികസനക്കുതിപ്പിന് ശക്തിപകരുന്നതാണ്. കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ഖലീഫ അധ്യക്ഷനായ സാമ്പത്തിക സുരക്ഷാ, പ്രകൃതിവിഭവ ഉന്നതാധികാര സമിതിയാണ് പുതിയ എണ്ണവാതക ശേഖരം കണ്ടെത്തിയതായി പ്രഖ്യാപിച്ചത്.
പ്രാഥമിക കണ്ടെത്തല്‍ മാത്രമാണിതെന്നും വിശദമായ പര്യവേക്ഷണത്തിന് ശേഷം മാത്രമേ എത്രത്തോളം ശേഖരം ഉണ്ടെന്നും ഖനനം ചെയ്യുന്നതിന് വേണ്ടിവരുന്ന ചെലവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറയാനാവൂ എന്നും എണ്ണമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ഖലീഫ പറഞ്ഞു. ഇതിനായി അന്താരാഷ്ട്ര പെട്രോളിയം കമ്പനികളുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ദീര്‍ഘകാല എണ്ണവാതക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാകുംവിധമുള്ള ശേഖരം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണ പര്യവേക്ഷണം ശക്തിപ്പെടുത്തണമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പ്രത്യേക നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് നടന്നുവരുന്ന പര്യവേക്ഷണത്തിലാണ് സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരുന്ന എണ്ണവാതക ശേഖരത്തിന്റെ കണ്ടെത്തല്‍. അതേസമയം, പുതിയ എണ്ണപ്പാടത്തില്‍ നിന്നും ഖനനം ചെയ്യുന്നതിനുള്ള ചെലവ്, പ്രദേശത്തിന്റെ ഭൂമിശാസ്ത്രം, തുടങ്ങിയ കാര്യങ്ങളില്‍ തുടര്‍നടപടികള്‍ക്ക് ബഹ്‌റൈന്‍ ദേശീയ എണ്ണ വാതക കമ്പനിയോട് കിരീടാവകാശി നിര്‍ദേശിച്ചു.
അതിനിടെ, കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ തീരത്ത് പുതിയ എണ്ണ ശേഖരം കണ്ടെത്താനായതില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബഹ്‌റൈന്‍ മന്ത്രിസഭ രാജാവിനെയും കിരീടാവകാശിയേയും പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും പുരോഗതിക്കും ശക്തിപകരുന്നതാണ് എണ്ണ വാതകശേഖരം കണ്ടെത്തിയതെന്ന് മന്ത്രിസഭ വിലയിരുത്തി. ഇക്കാര്യത്തില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവച്ച കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫയുടെ അധ്യക്ഷതയിലുള്ള പ്രകൃതിവിഭവ സാമ്പത്തിക സുരക്ഷാ ഉന്നതാധികാര സമിതിയെയും എണ്ണ മന്ത്രിയെയും മന്ത്രിസഭ പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."