സമ്മേളനങ്ങളില്‍ അറബി ഭാഷ നിര്‍ബന്ധം നിസാര്‍ കലയത്ത്
ജിദ്ദ: സെമിനാറുകള്‍, പരിശീലനങ്ങള്‍, സമ്മേളനങ്ങള്‍, ശില്പശാലകള് തുടങ്ങിയ സംഘടിപ്പിക്കുന്നതിന് പുതിയ നിബന്ധനകളുമായി സഊദി കമ്മിഷന് ഫോര്‍ ടൂറിസം ആന്‍ഡ് നാഷനല്‍ ഹെറിറ്റേജ്.
സമ്മേളനങ്ങളുടെ ഔദ്യോഗിക ഭാഷ അറബി ആയിരിക്കണമെന്നതാണ് പ്രധാന നിബന്ധന. ഇതര ഭാഷകളിലാണ് സമ്മേളനം നടക്കുന്നതെങ്കില്‍ അവയുടെ അറബി പരിഭാഷ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. സമ്മേളനങ്ങളില്‍ ചുരുങ്ങിയത് 50 പേരെങ്കിലും പങ്കെടുക്കണമെന്നതാണ് മറ്റൊരു നിബന്ധന. ബിസിനസ് സമ്മേളനങ്ങള്‍, വാണിജ്യ പ്രദര്‍ശനങ്ങള്‍ എന്നിവയുടെ നിലവാരമുയര്‍ത്തുകയാണ് ലക്ഷ്യം. സമ്മേളനങ്ങളുടെ സമയം ചുരുങ്ങിയത് നാല് മണിക്കൂറെങ്കിലും ഉണ്ടായിരിക്കണം. പരമാവധി ഏഴുദിവസം വരെ നീളാം.
ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഹാളുകള്‍, യൂനിവേഴ്സിറ്റി കോണ്‍ഫറന്‍സ് ഹാളുകള്‍, ഹോട്ടലുകളിലെയും മറ്റും പ്രത്യേകം സജ്ജമാക്കിയ മുറികള്‍ എന്നിവിടങ്ങളില്‍ മാത്രമേ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാവൂവെന്നും നിബന്ധനകളിലുണ്ട്. നിയമവിധേയമായി കലാ ആസ്വാദന പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കാം.
ശില്പശാലകള് സംഘടിപ്പിക്കുന്നവര്‍ ചുരുങ്ങിയത് നാലുദിവസം മുന്‍പെങ്കിലും ഇതിനുള്ള പോര്‍ട്ടല്‍ വഴി അനുമതിക്ക് അപേക്ഷിക്കണം. പ്രഭാഷണങ്ങള്‍, പിരിശീലനങ്ങള് എന്നിവ സംഘടിപ്പിക്കുന്നവര്‍ ചുരുങ്ങിയത് 90 ദിവസം മുന്‍പെങ്കിലും അപേക്ഷ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."