മാനസിക വെല്ലുവിളി നേരിടുന്നവരോട് അവഗണന: ത്രിതല പഞ്ചായത്തുകള്‍ വകയിരുത്തിയത് തുച്ഛമായ തുക
തൊടുപുഴ: മാനസിക വെല്ലുവിളി നേരിടുന്നവരോടുള്ള അവഗണന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടരുന്നു. തൊടുപുഴ മുനിസിപ്പാലിറ്റി ഒഴികെ കട്ടപ്പന മുനിസിപ്പാലിറ്റി, ഇടുക്കി ജില്ലാ പഞ്ചായത്ത്, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശിച്ച തുകയായ 28,500 രൂപ പോലും വകയിരുത്തിയില്ലെന്നാണ് ആക്ഷേപം.
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ആകെ പദ്ധതി വിഹിതത്തിന്റെ അഞ്ച് ശതമാനം തുകയെങ്കിലും നീക്കിവയ്ക്കണം എന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍, നാമമാത്ര തുക വകയിരുത്തിക്കൊണ്ട് ത്രിതലപഞ്ചായത്തുകള്‍ കബിളിപ്പിക്കുകയാണെന്ന് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ സംഘടനായ 'പരിവാറി'ന്റെ ജില്ലാ പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിന്‍ ആരോപിച്ചു. അഞ്ചു ശതമാനത്തിനു മുകളില്‍ എത്ര ശതമാനം വേണമെങ്കിലും ആവാം എന്ന യാഥാര്‍ഥ്യം മനസ്സിലാക്കാതെ അഞ്ച് ശതമാനത്തില്‍ മാത്രം ഒതുക്കി തുക വകയിരുത്തിയത് നിര്‍ഭാഗ്യകരമാണ്. മലപ്പുറം ജില്ലയിലെ ഓരോ ഗ്രാമപഞ്ചായത്തുകളും 25 മുതല്‍ 30 ലക്ഷം വരെ വകയിരുത്തുമ്പോള്‍ ഇടുക്കി ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ നീക്കിവച്ചുകൊണ്ടിരുന്നതും നീക്കിവെക്കുന്നതും 10 ലക്ഷത്തില്‍ താഴെയാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28,500 രൂപ വിധം ഓരോ കുട്ടിക്കും ഒരു വര്‍ഷത്തേക്ക് വകയിരുത്താത്ത 42 ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി രേഖ തിരിച്ചയച്ചു മുഴുവന്‍ തുകയും ഉള്‍കൊള്ളിച്ച ശേഷം മാത്രം പദ്ധതി പാസ്സാക്കിയ തൃശൂര്‍ ജില്ലാ കലക്ടര്‍, പ്ലാനിംഗ് ഓഫീസര്‍ എന്നിവരുടെ നടപടി പിന്തുടരാന്‍ ജില്ലാ ഭരണാധികാരികള്‍ തയാറാവണമെന്നും ഡോ. ജോസ് അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."