ആപത്ത് ഒഴിവായി; ആശങ്ക ബാക്കി
വിവാദമായ മാധ്യമ മാരണ ഉത്തരവ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ആരവമടങ്ങിയാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ടു അനുദിനം ജനവിരുദ്ധമാകുന്ന ഏതൊരു ഭരണകൂടവും ആദ്യം കൈവയ്ക്കുക ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേലാണ്. അതിനവര്‍ കണ്ടെത്തുന്ന എളുപ്പമാര്‍ഗമാവട്ടെ പത്രമാരണ നിയമങ്ങളും. ചരിത്രത്തിലെ ഏതൊരു സ്വേഛാധിപത്യ സര്‍ക്കാരിന്റെയും നാള്‍വഴികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ എല്ലാ നിലയ്ക്കും പ്രതിരോധത്തിലാണ്. ജനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടു കഴിഞ്ഞ സര്‍ക്കാര്‍ പാര്‍ലമെന്റിനെ പോലും അഭിമുഖീകരിക്കാനാവാതെ ഒളിച്ചോടുന്ന കാഴ്ചയാണ് ഇരുപതു ദിവസമായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യന്‍ തെരുവുകളിലാവട്ടെ ദലിത് പ്രക്ഷോഭകരെ മേല്‍ജാതിക്കാരെ വിട്ട് കൊന്നൊടുക്കുന്നതിന്റെ നിഷ്ഠൂര ദൃശ്യങ്ങളും. സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ കാരണം കടക്കെണിയിലായ കര്‍ഷക സമരങ്ങളാണ് മറ്റിടങ്ങളില്‍. സ്‌കൂള്‍ പരീക്ഷകള്‍ പോലും നേരെ ചൊവ്വെ നടത്താനാവാതെ സര്‍ക്കാര്‍ രാജ്യത്തെ തന്നെ നാണം കെടുത്തുന്ന വാര്‍ത്തകള്‍ വേറെ. ഇതൊന്നും ജനങ്ങള്‍ കാണരുതെന്നും അറിയരുതെന്നും 56 ഇഞ്ച് നെഞ്ചളവിന്റെ നാട്യവുമായി നടക്കുന്ന പ്രധാനമന്ത്രി ആഗ്രഹിച്ചതിന്റെ ഫലമായിട്ടായിരുന്നു തിങ്കളാഴ്ച അര്‍ധരാത്രി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മാധ്യമ മാരണ ഉത്തരവ് പുറത്തിറക്കിയത്.
വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക അംഗീകാരം(പ്രസ് അക്രഡിറ്റേഷന്‍) റദ്ധാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഉത്തരവ്. അച്ചടി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയെ സംബന്ധിച്ചാണ് പരാതിയെങ്കില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ വാര്‍ത്തയെ കുറിച്ചാണ് ആക്ഷേപമെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും പരിശോധിക്കണമെന്നായിരുന്നു നിര്‍ദേശം. 15 ദിവസത്തിനകം പരിശോധന നടത്തി പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ മാധ്യമപ്രവര്‍ത്തകന്റെ അക്രഡിറ്റേഷന്‍ ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്യും. രണ്ടു തവണ പിഴവ് സംഭവിച്ചാല്‍ സസ്‌പെന്‍ഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടും. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ അക്രഡിറ്റേഷന്‍ ആജീവനാന്തം റദ്ധാക്കാനുമായിരുന്നു ഉത്തരവിലെ വ്യവസ്ഥ.
എന്നാല്‍, ഉത്തരവിനെതിരേ മാധ്യമലോകം ഒന്നടങ്കം സടകുടഞ്ഞെഴുന്നേറ്റതോടെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയെ ബലിയാടാക്കി കേന്ദ്രസര്‍ക്കാര്‍ തടിതപ്പി. ഇതിനിടയില്‍ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കാനും പാഴ്ശ്രമമുണ്ടായി. മോദി ഇതൊന്നും അറിഞ്ഞില്ലെന്നും അറിഞ്ഞയുടന്‍ തന്നെ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്നും വിശദീകരിക്കപ്പെട്ടു. സ്മൃതി ഇറാനി മോദിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയാണെന്നും മോദി ആഗ്രഹിക്കാത്തതൊന്നും അവര്‍ ചെയ്യില്ലെന്നും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. വീണത് വിദ്യയാക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ പതിവു ശ്രമമായിട്ടേ അതിനെ കാണേണ്ടതുള്ളൂ.
ഉത്തരവിന്റെ മഷിയുണങ്ങും മുമ്പെ മാധ്യമ മാരണം പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ആഹ്ലാദകരമായ കാര്യമാണ്. രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ജനാധിപത്യവിശ്വാസികള്‍ക്ക് ആകമാനം തന്നെ ഊര്‍ജം നല്‍കുന്നതാണ് ഭരണകൂടത്തിനു മേല്‍ നേടിയ ഈ വിജയം. മുമ്പ് രാജീവ് ഗാന്ധിയുടെ കാലത്ത് ഇതേ മട്ടില്‍ ഒരു പത്രമാരണ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചതാണ്. അന്നും നാലാം തൂണിനു മുമ്പില്‍ കാലിടറി വീഴുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.
രാജ്യത്ത് ജനാധിപത്യവും മതേതരത്വവും മൗലികാവകാശവും ഫെഡറല്‍ സംവിധാനവുമൊക്കെ നിലനില്‍ക്കണമെങ്കില്‍ ജനങ്ങള്‍ കണ്ണില്‍ എണ്ണയൊഴിച്ച് ജാഗ്രത പുലര്‍ത്തേണ്ട കാലമാണിത്. എല്ലാം തല്ലിത്തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഭരണകൂടവും അവര്‍ക്ക് പിന്നിലുള്ള വര്‍ഗീയവാദികളും കോര്‍പറേറ്റുകളുമെല്ലാം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ഇവര്‍ വരുതിയിലാക്കിത്തുടങ്ങി. തെരഞ്ഞെടുപ്പു കമ്മീഷനിലും, എന്തിന് ജുഡീഷ്യറിയില്‍ പോലും അതിന്റെ അലയൊലികള്‍ ഉയര്‍ന്നു തുടങ്ങി. മാധ്യമങ്ങളും ഇതിന് അപവാദമല്ല. ജനാധിപത്യത്തിന്റെ കാവല്‍പട്ടികളാകേണ്ടവര്‍ കേവലം പട്ടികളായി ഭരണകൂടങ്ങള്‍ക്കു മുമ്പില്‍ വാലാട്ടി നില്‍ക്കുന്ന ദുരവസ്ഥയും രാജ്യം കാണുന്നുണ്ട്. എല്ലാ കാലത്തും അത്തരക്കാര്‍ ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ രാജ്യം അത് നേരിട്ടനുഭവിച്ചതാണ്. മഹത്തായ മാധ്യമപ്രവര്‍ത്തനങ്ങളെ മാത്രമല്ല രാജ്യത്തെ തന്നെ ഒറ്റുകൊടുത്തവരാണവര്‍. അവര്‍ക്ക് പക്ഷെ ചരിത്രം നല്‍കിയത് ചവറ്റുകുട്ടകളായിരുന്നു. ആ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് രാജ്യവും മാധ്യമ ലോകവും ഏറെ മുന്നോട്ടു പോയി. ഒറ്റുകാരുടെ പിന്‍മുറക്കാര്‍ ഇപ്പോഴുമുണ്ട്. അവരാണ് 2019-ല്‍ സംഘ്പരിവാറിന് ചരിത്രവിജയം ആവര്‍ത്തിക്കുന്നതിനാവശ്യമായ നിലമൊരുക്കുന്നതിനായി അച്ചാരം വാങ്ങി ഇരുളില്‍ പതുങ്ങിനില്‍ക്കുന്നത്. വര്‍ഗീയ കലാപങ്ങള്‍ ഇളക്കിവിട്ടും ജനകീയസമരങ്ങളെ തമസ്‌കരിച്ചും ജനപക്ഷ നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ടും ജനകീയ കൂട്ടായ്മകളെ ശിഥിലമാക്കിയും മോദിക്ക് രാജപാതയൊരുക്കുന്നതിന് അച്ചാരം കൈപറ്റിയിരിക്കുകയാണവര്‍. ആ നിലയ്ക്ക് ഒരു ദ്വിമുഖ സമരമാണ് യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് നിര്‍വഹിക്കാനുള്ളത്. ഒന്ന്, ഭരണകൂടങ്ങളുടെ മാധ്യമ മാരണ നിയമങ്ങള്‍ക്കെതിരെയുള്ള പോര്‍മുഖം. മറ്റൊന്ന്, സ്വന്തം പക്ഷത്തുള്ള മാധ്യമ മുഖമണിഞ്ഞ ഒറ്റുകാര്‍ക്കെതിരെയുള്ള പോരാട്ടം. രണ്ടു പോര്‍മുഖങ്ങളിലും വിജയക്കൊടി നാട്ടാനുള്ള കരുത്ത് മാധ്യമ ലോകത്തിനുണ്ടെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."