കാനായി കുഞ്ഞിരാമന്റെ എണ്‍പതാം ജന്മദിനം ആഘോഷിച്ചു
തിരുവനന്തപുരം: യാഥാസ്ഥിതിക കാഴ്ചപ്പാടിനെ മാനവികവും പുരോഗമനപരവുമായ കാഴ്ചപ്പാടിലൂടെ നവീകരിച്ച ശില്‍പിയാണ് കാനായി കുഞ്ഞിരാമനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കാനായിയുടെ യക്ഷി എന്ന ശില്‍പം അതിന്റെ ദൃഷ്ടാന്തമാണ്. യാഥാസ്ഥിതികവും പാരമ്പര്യവുമായ ചിന്തകള്‍ വെച്ച് പുലര്‍ത്തുന്ന കലാകാരന് സാധിക്കുന്നതല്ല യക്ഷി പോലുള്ള ശില്‍പമെന്നും പിണറായി ചൂണ്ടിക്കാട്ടി. കാനായിയുടെ എണ്‍പതാം പിറന്നാളിനോടും യക്ഷി ശില്‍പത്തിന്റെ അന്‍പതാം വാര്‍ഷികത്തോടും അനുബന്ധിച്ച് കലാ ട്രസ്റ്റും സംസ്ഥാന സര്‍ക്കാരും കാനായിയെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കനക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളെ വീട്ടിലുള്ളില്‍ അടച്ച് പൂട്ടിയിട്ടിരുന്ന യാഥാസ്ഥിതികത്വത്തെ യക്ഷി എന്ന ശില്‍പം ഞെട്ടിച്ചു. യക്ഷി ശില്‍പം സങ്കല്‍പമാണ്. ഇല്ലാത്തതിനെ കാണിക്കാന്‍ കഴിഞ്ഞതിലും അപ്പുറം സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് യക്ഷിയിലൂടെ കാനായി നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. യക്ഷി ശില്‍പ്പത്തിന്റെ നിര്‍മാണഘട്ടത്തില്‍ ചില സദാചാര പൊലിസുകാര്‍ കാനായിയെ മര്‍ദിച്ചിരുന്നു. ഏത് ശില്‍പം നിര്‍മിക്കണം എന്ന് കലാകാരന്‍മാരല്ല, തങ്ങളാണ് എന്ന് കരതിയിരുന്നവര്‍ അന്നുമുണ്ടായിരുന്നു എന്ന് കാണിക്കുന്നതാണ് ആ സംഭവം.
യക്ഷി ശില്‍പം അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോള്‍ കലക്കും കലാകാരനും എതിരെയുള്ള അസഹിഷ്ണുതയും അക്രമങ്ങളും ഇന്ത്യയില്‍ വര്‍ധിച്ചു. വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈന് രാജ്യം വിട്ട് പോകേണ്ടി വന്നത് ഈ ഘട്ടത്തിലാണ്. വര്‍ഗീയ കടന്നാക്രമണ പരമ്പരകള്‍ കലാ സാംസ്‌കാരിക രംഗം നേരിടുന്നു. ചിന്തകരും എഴുത്തുകാരും കലാകാരന്‍മാരും വെടിയേറ്റ് മരിക്കുന്നു. ഇത് തുടര്‍ന്നാല്‍ മൗലികമായ സൃഷ്ടികള്‍ കലാകാരന്‍മാരില്‍ നിന്നുണ്ടാകില്ല. നിര്‍ഭയമായ അന്തരീക്ഷത്തില്‍ നിന്നേ ഉദാത്തമായ കലാസൃഷ്ടികളുണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."